പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളുടെ കുടിവെള്ള- ജലസേചന പ്രശ്‌നത്തിന് ശാശ്വത പരിഹാരം

post

ചിറ്റൂര്‍ പുഴക്ക് കുറുകെ റെഗുലേറ്റര്‍ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

പാലക്കാട് ജില്ലയില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള പ്രധാന ആശ്രയമായ ചിറ്റൂര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന റെഗുലേറ്ററിന്റെ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിയില്‍ വടകരപ്പള്ളിക്ക് സമീപം ചിറ്റൂര്‍ പുഴക്ക് കുറുകെയാണ് റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്. കിഫ്ബിയുടെ 19.84 കോടി രൂപ ഫണ്ടില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് റെഗുലേറ്റര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

മണ്ണിലെ ജലനിരപ്പ് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതോടെ ഇരുകരകളിലുമുള്ള പ്രദേശത്തെ കിണറുകള്‍ ജലസമ്പുഷ്ടമാകും. കൂടാതെ ചിറ്റൂര്‍ പുഴയുടെ ആയക്കെട്ട് പ്രദേശത്ത് ജല ലഭ്യത ഉറപ്പുവരുത്താനും കൂടിയ അളവില്‍ കുടിവെള്ളം നല്‍കാനും സ്വകാര്യ പമ്പിങ്ങും ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം അനുവദിക്കുന്നതിലൂടെ നാണ്യവിളകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. റെഗുലേറ്ററിന്റെ പൂര്‍ത്തീകരണത്തോടെ രൂപപ്പെടുന്ന ജലസംഭരണി ഭാവിയില്‍ ഫലപ്രദമായ രീതിയില്‍ മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്താനാകും.

ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനതോത് വര്‍ധിപ്പിക്കാന്‍ സഹായിക്കും

പുഴയുടെ ബെഡ് ലെവലില്‍ നിന്ന് അഞ്ച് മീറ്റര്‍ ഉയരത്തില്‍ ജലം ശേഖരിക്കുന്നതിലൂടെ 0.60 Mm3 ജലം ലഭ്യമാകുകയും ഇത് ഏകദേശം 1200 മീറ്റര്‍ നീളത്തില്‍ ഒരു ചെറു ജലാശയം രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും. നദിയുടെ ഇരുകരകളുടെയും സംരക്ഷണത്തിനായി കോണ്‍ക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തികളാണ് നിര്‍മ്മിക്കുന്നത്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം ജില്ലയിലേക്ക് വെള്ളം ലഭ്യമാകുന്ന കനാലിന്റെ അവസാന ഭാഗത്താണ് പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകളുള്ളത്. അതിനാല്‍ ആളിയാറില്‍ നിന്നുള്ള വെള്ളം വളരെ കുറച്ചുമാത്രമേ ഇവിടെ ജലസേചനത്തിനായി ലഭ്യമാകുകയുള്ളു.

ചിറ്റൂര്‍ പുഴയില്‍ റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിലൂടെ കൃഷിയിടങ്ങളില്‍ ആവശ്യത്തിനു വെള്ളം ലഭിക്കുകയും ഈ പ്രശ്‌നത്തിനു പരിഹാരമാവുകയും ചെയ്യും. അതിനോടൊപ്പം മേഖലയിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ഈ റെഗുലേറ്റര്‍ ഉപകരിക്കും. പെരുവെമ്പ്, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍ക്കൊപ്പം ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെയും ഏകദേശം 1200 ഹെക്ടര്‍ കൃഷിഭൂമിയിലെ ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനത്തോത് വര്‍ധിപ്പിക്കാനാകും വിധത്തിലുള്ള സുസ്ഥിര ജലസേചനമാണ് റെഗുലേറ്ററിലൂടെ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തനം പൂര്‍ണമായും വിദ്യുത്ച്ഛക്തിയില്‍

പൂര്‍ണമായും വിദ്യുത്ച്ഛക്തിയിലാണ് ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനാവശ്യമായ ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. അഞ്ച് മീറ്റര്‍ ഉയരവും 10 മീറ്റര്‍ നീളവുമുള്ള 12 യന്ത്രവത്കൃത ഷട്ടറുകളും അതിനനുബന്ധമായ ഹോയ്സ്റ്റിങ് ബ്രിഡ്ജും ഉള്‍പ്പെടുന്നതാണ് ഈ റെഗുലേറ്റര്‍. 144 മീറ്റര്‍ നീളമുള്ള റെഗുലേറ്ററിന്റെ പൂര്‍ത്തീകരണത്തോടെ സംഭരിക്കപ്പെടുന്ന ജലം പൊല്‍പ്പുള്ളി, പെരുവെമ്പ് പഞ്ചായത്തുകള്‍ക്കാണ് പ്രധാനമായും ഉപയോഗിക്കാന്‍ സാധിക്കുക. ഈ പഞ്ചായത്തുകളിലെ ഭക്ഷ്യ-നാണ്യ വിളകളുടെ ഉത്പാദനതോത് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. കൃഷിയെ പ്രധാന വരുമാന മാര്‍ഗമായി സ്വീകരിച്ചു ജീവിക്കുന്ന ഈ പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതിയുടെ മറ്റൊരു ലക്ഷ്യമാണ്.