മിഷന്‍ ഇന്ദ്രധനുഷ്; വയനാട് ജില്ലയില്‍ ഊര്‍ജിത വാക്‌സിനേഷന്‍ തുടങ്ങി

ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ മിഷന്‍ ഇന്ദ്രധനുഷ് ജില്ലയില്‍ തുടങ്ങി. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0 സംഘടിപ്പിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ അവസരമൊരുക്കും.
ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ആദ്യഘട്ടം ആഗസ്റ്റ് 7 മുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്തംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മീസല്‍സ് റൂബല്ല, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന്‍ ഇന്ദ്രധനുഷ് സംരക്ഷണം നല്‍കും. ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കും. മുന്‍കാലങ്ങളില്‍ ഭാഗികമായി കുത്തിവെപ്പ് എടുത്തവര്‍ക്കും ഇതുവരെയും എടുക്കാന്‍ കഴിയാത്തവര്‍ക്കും ഈ മൂന്ന് ഘട്ടങ്ങളിലായി പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാം.
കോവിഡ് വ്യാപനത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പ് നിരക്കിലുണ്ടായ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഊര്‍ജിത പ്രതിരോധ കുത്തിവെപ്പിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് മിഷന്‍ ഇന്ദ്രധനുഷ്.
പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം. 'യു-വിന്‍' (U-WIN) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കി കുടുംബത്തിലെ കുത്തിവയ്പ്പെടുക്കേണ്ട അംഗങ്ങളെ രജിസ്റ്റര്‍ ചെയ്ത് തങ്ങള്‍ക്കു സൗകര്യപ്രദമായ തീയ്യതികളില്‍ സൗകര്യപ്രദമായ സ്ഥലത്തുള്ള കേന്ദ്രത്തില്‍ കുത്തിവയ്പ്പ് എടുക്കാം.'യു-വിന്‍' പോര്‍ട്ടല്‍ മുഖേന കുത്തിവയ്പ് എടുക്കുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഓണ്‍ലൈനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. ഇതിനായി കുത്തിവയ്പ്പിന് വരുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാളുടെ അല്ലെങ്കില്‍ ഗര്‍ഭിണിയുടെ ആധാര്‍/ വോട്ടര്‍ ഐ.ഡി / പാന്‍ കാര്‍ഡ് മുതലായ ഏതെങ്കിലും ഒരു ഫോട്ടോ ഐ.ഡി കാര്‍ഡും ഫോണ്‍ നമ്പറും കൊണ്ടുപോകേണ്ടതാണ്.