പകൽവീട് നാടിന് സമർപ്പിച്ചു

തൃശൂർ വലപ്പാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിർമിച്ച പകൽവീട് വയോജന വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നാട്ടിക നിയോജകമണ്ഡലം എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 13, 14, 17 വാർഡുകളിൽ നിന്നായി 83 വയോജനകളാണ് പകൽ വീടിനായി രജിസ്റ്റർ ചെയ്തത്.
രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് പകൽവീടിന്റെ പ്രവർത്തനം. ഭക്ഷണവും മാനസിക ഉല്ലാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഹെൽത്ത് ചെക്കപ്പ്കളുമെല്ലാം പകൽ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് പകൽവീട് നിർമ്മിച്ചത്. പരിപാടിയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് അധ്യക്ഷനായി.