വയനാട് ജില്ലയിൽ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും വയനാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം ആഗസ്റ്റ് 27 ന് തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ജില്ലയില്‍ പരിപാടികള്‍ നടത്തുന്നത്.
ആഗസ്റ്റ് 27, 28 തീയതികളില്‍ മാനന്തവാടിയിലും 30, 31 തീയതികളില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലുമാണ് പരിപാടികള്‍ നടത്തുക. ഇതിനായി പ്രാദേശികതലത്തില്‍ സംഘാടക സമിതി രൂപീകരിക്കും. എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്മാന്മാര് എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ജില്ലാ കളക്ടര്‍ ചെര്പേഴ്സണായും ഡി.ടി.പി.സി. സെക്രട്ടറി കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വന്‍ ജനപങ്കാളിത്തത്തോടുകൂടി പരിപാടികള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദ്ദേശം നല്കി.
വിവിധ കലാപരിപാടികള്‍, ഓണസദ്യ, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധമാണ് ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അപേക്ഷകള്‍ ആഗസ്റ്റ് 7 നകം ലഭിക്കണം
ഓണം വാരാഘോഷത്തിൽ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരിപാടി അവതരിപ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ഓഫീസില്‍ ആഗസ്റ്റ് 7 നകം നല്‍കണം.
എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കും
ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസ്, ഫോറസ്റ്റ്, റവന്യൂ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും. വാഹന പരിശോധന, ചെക്ക്പോസ്റ്റ് പരിശോധന, റോഡ് പട്രോളിംഗ് തുടങ്ങിയവ ശക്തമാക്കും. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കളളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവും തുടങ്ങും. ഇതിന്റെ ഭാഗമായി ജില്ലാ എക്സൈസ് ഡിവിഷന് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്ട്രോള് റൂമിലെ 04936 288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം. എക്സൈസ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസ് കണ്ട്രോള് റൂം നമ്പറുകള്‍ കല്‍പ്പറ്റ - 04936 208230, 202219, മാനന്തവാടി - 04935 244923, 240012 , ബത്തേരി - 04936 227227, 248190, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, മീനങ്ങാടി -04936 246180.