സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

post

* വിതരണം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം :  സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി സഹകരണ  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് 2400 രൂപ വീതം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ പകുതിയോളം പേര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ബാക്കിയുള്ളവര്‍ക്ക് നേരിട്ട് വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ 1564 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത്. സംഘങ്ങളിലെ 7500 ഓളം ജീവനക്കാരാണ് പെന്‍ഷന്‍ വിതരണത്തില്‍ പങ്കാളികളാവുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പെന്‍ഷന്‍ വിതരണം. വിതരണം മാര്‍ച്ച് 31 ന് തന്നെ പൂര്‍ത്തീകരിക്കും.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പരമാവധി വീടുകളില്‍ എത്തിച്ച് നല്‍കണമെന്ന് മന്ത്രി സഹകരണ സംഘങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ പോകുവാന്‍ പ്രയാസമുണ്ടെങ്കില്‍ ഭരണ സമിതിയുമായി ചര്‍ച്ച ചെയ്ത് പെന്‍ഷന്‍ വീട്ടിലെത്തിക്കുവാന്‍ മറ്റു വഴികള്‍ ആലോചിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കും. മറ്റ് വഴികള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ പരാതിക്ക് ഇടവരുത്താത്ത രീതിയില്‍ പെന്‍ഷന്‍കാരുടെ ബാങ്കിലുള്ള അക്കൗണ്ടില്‍ തുക നിക്ഷേപിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യില്‍ തന്നെ പണമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാന്‍ സഹകരണ മേഖല വലിയ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.