സ്നേഹിതയുടെ സാന്ത്വനത്തിന് എട്ട് വയസ്; അഭയം നൽകിയത് 854 പേർക്ക്

post

സാന്ത്വനത്തിന്റെ എട്ട് വർഷങ്ങൾ പൂർത്തിയാക്കി കുടുംബശ്രീയുടെ വയനാട് ജില്ലയിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ കൗൺസിലിംഗ്, നിയമപിന്തുണ, ബോധവത്ക്കരണ ക്ലാസുകൾ, അതിജീവന പിന്തുണ സഹായങ്ങൾ, താത്ക്കാലിക അഭയം, പുനരധിവാസ സഹായം തുടങ്ങിയ സേവനങ്ങളാണ് കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്ക് ഉറപ്പുനൽകുന്നത്. അതിക്രമങ്ങൾ നേരിട്ട് സ്നേഹിതയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതോടൊപ്പം നിയമ സഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളും താത്ക്കാലിക അഭയവും സ്നേഹിത വഴി ലഭ്യമാക്കും.

സ്‌നേഹിത സഹായകേന്ദ്രത്തിൽ ഇതുവരെ 5300 കേസുകൾ രജിസ്റ്റർ ചെയ്തു. താൽക്കാലിക അഭയകേന്ദ്രം കൂടിയായ സ്‌നേഹിതയിൽ 854 പേർക്ക് ഇതുവരെ അഭയം നൽകി. ഗാർഹിക പീഡനം, കുടുംബ പ്രശ്‌നങ്ങൾ, മദ്യപാനം, മാനസിക സമ്മർദം, സ്വത്ത് തർക്കം, മൊബൈൽ അഡിക്ഷൻ, സാമ്പത്തിക വഞ്ചന, കുട്ടികളുടെ പഠന -പെരുമാറ്റ പ്രശ്‌നങ്ങൾ തുടങ്ങി സ്‌നേഹിതയിലൂടെ പരിഹരിച്ച പ്രശ്‌നങ്ങൾ നിരവധിയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പുകൾ, ജൻഡർ റിസോഴ്സ് സെന്ററുകൾ എന്നീ സംവിധാനങ്ങൾ വഴി അതിക്രമങ്ങൾക്കിരയാകുന്നതായി കണ്ടെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ സുരക്ഷിത താമസവും സൗജന്യ നിയമ സഹായവും മാനസിക പിന്തുണയും നൽകി വരുന്നു. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾ, പരീക്ഷ, ജോലി എന്നിവ സംബന്ധിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്കും സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ താമസിക്കാം.

അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് ഉപജീവനം, അതിജീവനം, സുരക്ഷ എന്നിവയ്ക്കായി സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പു വരുത്തുന്നു. പദ്ധതി മാർഗരേഖ പ്രകാരം സ്നേഹിതയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കേന്ദ്രങ്ങളിലും 5 സേവനദാതാക്കൾ, 2 കൗൺസിലർമാർ, 2 സെക്യൂരിറ്റി ഓഫീസർമാർ, കെയർ ടേക്കർ, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജീവനക്കാർ ഉൾപ്പെടുന്ന സംവിധാനമാണ് സ്നേഹിത. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഓഫീസ് റൂം, സേവനം ആവശ്യപ്പെട്ട് എത്തുന്നവർക്കുള്ള വിശ്രമമുറി, കൗൺസിലിംഗ് റൂം, താത്ക്കാലിക താമസത്തിനുള്ള സൗകര്യം, കുടിവെളളം, സാനിട്ടറി സൗകര്യം എന്നീ സംവിധാനങ്ങൾ സ്നേഹിതയുടെ എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.

സ്‌കൂൾ, കോളേജ് തലങ്ങളിൽ ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠന പ്രക്രിയകളും അവബോധ പ്രവർത്തനങ്ങളും സ്‌നേഹിത നടത്തി വരുന്നു. സ്‌നേഹിത@സ്‌കൂൾ, കോളജ് വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി, പിന്തുണ നൽകി ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതയെ വാർത്തെടുക്കുന്ന ജെൻഡർ ക്ലബുകളും സ്നേഹിതയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്നേഹിതയുടെ കീഴിൽ മാനന്തവാടി ബ്ലോക്കിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. സേവനങ്ങൾക്കായി 04936 202033, 18004252776 എന്നീ നമ്പറുകളിൽ സ്‌നേഹിതയിലേക്കു വിളിക്കാം. ലീഗൽ ക്ലിനിക് സ്‌നേഹിതയിലെത്തുന്ന പരാതികളിൽ നിയമസഹായം ആവശ്യമായ കേസുകൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും.