മെഡിക്കല്‍ ബോര്‍ഡ് വീട്ടിലെത്തി; വത്സക്ക് ഇനി ആനുകൂല്യങ്ങള്‍ ലഭിക്കും

മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഇടുക്കി രാജകുമാരി നടുമറ്റം സ്വദേശി വത്സക്ക് പ്രത്യാശയുടെ പുതുവെളിച്ചം പകര്‍ന്ന് മെഡിക്കല്‍ ബോര്‍ഡെത്തി. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ വത്സക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വൈകാതെ ലഭിക്കും.
തീവ്രമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന 55 കാരിയായ വത്സക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചേരുന്ന മെഡിക്കല്‍ ബോര്‍ഡിനു മുന്‍പാകെ എത്താന്‍ സാധിക്കുമായിരുന്നില്ല. ഇത് മനസ്സിലാക്കി രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വീട്ടിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അടിസ്ഥാന രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിരലടയാളം പതിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് ബയോമെട്രിക് സംവിധാനത്തിലൂടെ ആധാര്‍കാര്‍ഡ് ലഭ്യമാക്കാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുകയും ഭിന്നശേഷി ഐഡി കാര്‍ഡ് നല്‍കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കിയതും.
പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ട വത്സയെ സഹോദരിയാണ് പരിചരിക്കുന്നത്. ഒപ്പം സഹോദരിയുടെ മകനുമുണ്ട്. പുതിയ ഭിന്നശേഷി ഐഡി കാര്‍ഡ് ലഭിക്കുന്നതോടെ ഭിന്നശേഷി പെന്‍ഷന്‍ ഉടന്‍ നല്‍കാന്‍ സാധിക്കും.