കുറുമാത്തൂർ പഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നു

ജൈവവൈവിധ്യത്തെ നിലനിർത്തുന്നതിനായി കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നു. 2012 ൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ പഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയിരുന്നു. പഞ്ചായത്തിലെ കാർഷിക വിളകൾ, ഔഷധച്ചെടികൾ, ജന്തുവൈവിധ്യങ്ങൾ, നാട്ടറിവുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു ഇത്.
2012ന് ശേഷമുള്ള പുതിയ ജൈവവൈവിധ്യങ്ങൾ ഉൾപ്പെടുത്തി ഈ മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പഠിച്ച് പുതുക്കിയ രജിസ്റ്റർ തയ്യാറാക്കും. പ്രളയകാലത്തും അതിനുശേഷവുമുള്ള വർഷങ്ങളിലെ ജൈവവൈവിധ്യ മാറ്റങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലഹരണം സംഭവിച്ചവ, നശിച്ചുപോയവ എന്നിവയെല്ലാം പുതുക്കിയ രജിസ്റ്ററിൽ ഉൾപ്പെടുത്തും.
തളിപ്പറമ്പ് സർ സയിദ് കോളേജിലെ ബോട്ടണി, സുവോളജി, ഫോറസ്ട്രി വിദ്യാർഥികളാണ് ഫീൽഡ് സർവ്വേ നടത്തുന്നത്. ബോട്ടണി വിഭാഗം അധ്യാപകരായ ഡോ. പി ശ്രീജ, അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ. ഒക്ടോബർ 31 നകം സർവേ പൂർത്തിയാക്കി രജിസ്റ്റർ പ്രസിദ്ധപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ജൂലൈ ഒന്നിന് നടന്ന ജെവവൈവിധ്യ ശിൽപശാലയോടെയാണ് ബയോഡൈവേഴ്സിറ്റി കമ്മിറ്റി (ബി. എം.സി) ചേർന്ന് രജിസ്റ്റർ പുതുക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചത്.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ഹരിതകേരളം ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നിർമ്മിക്കുന്ന 12 പച്ചത്തുരുത്തുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ ഒരു ജൈവവൈവിധ്യ പാർക്കും ഒരുക്കുന്നുണ്ട്. സർവേ ഉദ്ഘാടനം വേളിപാറയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന നിർവഹിച്ചു.