അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷര തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
അടിസ്ഥാന വിദ്യാഭ്യാസ പ്രക്രിയയില്‍ അത്യാവശ്യമായ എഴുത്തും വായനയും മെച്ചപ്പെടുത്തുക എന്നതാണ് അക്ഷരതെളിമ പദ്ധതിയുടെ ലക്ഷ്യം. എഴുത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് അധ്യാപകരുടെയും ഇതര സംവിധാനങ്ങളുടെയും പിന്തുണയോടെ എഴുതാനും വായിക്കാനുമുള്ള മികച്ച ശേഷി കൈവരിക്കാന്‍ ഉതകുന്ന ഇടപെടലുകള്‍ ഓരോ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും പദ്ധതിയുടെ ഭാഗമായി നടത്തും. തുടര്‍ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭാഷയിലും, ഗണിതത്തിലും, ശാസ്ത്രത്തിലും ആര്‍ജ്ജിച്ചിരിക്കേണ്ട അടിസ്ഥാന നൈപുണികള്‍ എല്ലാ കുട്ടികള്‍ക്കും ലഭിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി ഓരോ എന്‍.എസ്.എസ് വോളണ്ടിയര്‍മാരും ചിട്ടയായ പരിപാടികളാണ് അക്ഷര തെളിമ പദ്ധതിയുടെ ഭാഗമായി നടത്തുന്നത്. ചടങ്ങില്‍ മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാൻ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.