കുന്നത്തൂര്‍ കിഴക്ക് കരിമ്പിന്‍പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ ബഹുനില മന്ദിരം

post

പാഠപുസ്തക ഭാഗങ്ങള്‍ മനപ്പാഠമാക്കാതെ വിദ്യാര്‍ഥികള്‍ വിമര്‍ശനാത്മക മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുന്നത്തൂര്‍ കിഴക്ക് കരിമ്പിന്‍പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ ബഹുനില കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികളെ സ്വയം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിധം പ്രാപ്തരാക്കണം. പഠിതാക്കളുടെ കഴിവ് തിരിച്ചറിയുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിലേത്. അതിനാല്‍ ഓരോ കുട്ടികളുടെയും വ്യക്തിഗത വിവരങ്ങളും, അഭിരുചിയും, കഴിവും, ശാരീരിക മാനസികാവസ്ഥകളും അധ്യാപകര്‍ അറിയേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയാണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിച്ചത്.

കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി, സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ ശിവശങ്കരന്‍ നായര്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, വൈസ് പ്രസിഡന്റ് ഗീതാകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.