അഗളിയില്‍ ഗോത്ര വിഭാഗങ്ങൾക്കായി ഒരുക്കിയ പദ്ധതികൾ ഉദ്ഘാടന സജ്ജമായി

പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളിയില്‍ ഗോത്ര വിഭാഗങ്ങൾക്കായി ഒരുക്കിയ പദ്ധതികൾ ഉദ്ഘാടന സജ്ജമായി. നിര്‍മാണം പൂര്‍ത്തീകരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍, പ്രാക്തനാ ഗോത്രവിഭാഗമായ കുറുംബ വിഭാഗക്കാര്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത് വട്ട്ലക്കി ഫാമിങ് സൊസൈറ്റിക്ക് അനുവദിച്ച വനിതാ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ്, ഷോളയൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍ തുടങ്ങിയവയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
മികച്ച പഠന സൗകര്യം ഉറപ്പാക്കി പ്രീ-മെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍
അട്ടപ്പാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയാണ് പ്രീ-മെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍ നിര്‍മിച്ചിരിക്കുന്നത്. നാല് നിലകളിലായി 3,36,88,000 രൂപ ചെലവിലാണ് പ്രീമെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60 വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാം. മൂന്ന് നിലകളിലായി 4,74,00,000 രൂപ ചെലവിലാണ് അഗളി പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 60-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ താമസിക്കാന്‍ കഴിയും.
19 ഊരുകളിലേക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്
അട്ടപ്പാടി പുതുര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗമായ 19 കുറുംബ ഊരുകളിലേക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കി. പ്രദേശത്തെ 700-ഓളം കുടുംബങ്ങളിലെ 2500-ലധികം വരുന്ന ജനങ്ങള്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പ്രയോജനപ്പെടും. എല്ലാ ഊരുകളിലും മാസത്തില്‍ രണ്ട് തവണ ഡോക്ടറും നേഴ്സും അടങ്ങുന്ന ടീം എത്തുന്ന രീതിയിലാണ് മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. വിദൂര ഊരുകളില്‍ ചികിത്സ ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിക്കുന്നത്.
വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കി നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ്
ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ച് വട്ട്ലക്കി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ വനിതകളുടെ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. അട്ടപ്പാടിയിലെ പത്ത് വനിതകള്‍ക്കാണ് പുതിയ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റിലൂടെ തൊഴില്‍ ഉറപ്പായിരിക്കുന്നത്. പ്രത്യേക പരിശീലനം നല്‍കിയാണ് നോട്ട്ബുക്ക് നിര്‍മാണം ആരംഭിച്ചത്. ഇതിനകം 2000-ത്തിലധികം നോട്ട്ബുക്കുകള്‍ നിര്‍മിച്ചു കഴിഞ്ഞു. തുടക്കത്തില്‍ ഒരു ദിവസം 400 രൂപയിലധികം വരുമാനം ഒരാള്‍ക്ക് ഇതിലൂടെ ലഭിക്കും. നിര്‍മ്മാണം വര്‍ധിപ്പിച്ച് കൂടുതല്‍ നോട്ട്ബുക്കുകള്‍ നിര്‍മ്മിക്കാനാണ് യൂണിറ്റിലൂടെ ലക്ഷ്യമിടുന്നത്.