തൃപ്പനച്ചി ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

മലപ്പുറം പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൃപ്പനച്ചി ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിൽ രാജ്യം പ്രതികൂല പ്രതിസന്ധികൾ നേരിടുന്ന ഈ കാലത്ത് രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനാ സാക്ഷരതയും പൊതു സമൂഹത്തെ പഠിപ്പിക്കാൻ ഗ്രന്ഥശാലകൾക്കാവണമെന്ന് സ്പീക്കർ പറഞ്ഞു.
വായനയെ സോഷ്യൽ മീഡിയകൾ കൈയടക്കുന്ന കാലഘട്ടത്തിൽ ഗ്രന്ഥശാലകൾ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉപകാരപ്രഥമായ രീതിയിൽ പുനരുജ്ജീവിപ്പിക്കണം. സമൂഹത്തിൽ വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് മറുപടി നൽകാൻ ആരോഗ്യകരമായ ചർച്ചകൾ സംഘടിപ്പിക്കണം. ഇതിന് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ഉബൈദുള്ള എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ തൃപ്പനച്ചിയിൽ ഗ്രന്ഥാലയത്തിന് പുതിയ കെട്ടിടം നിർമിച്ചത്. 7000ത്തിൽപ്പരം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിനും തുക അനുവദിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രൻ പൊന്നാടയണിയിച്ചു ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി വി മനാഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹരിദാസ് പുൽപ്പറ്റ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഡ്വ. പി.മൊയ്തീൻകുട്ടി ഹാജി, ഗ്രന്ഥാലയം പ്രസിഡന്റ് ഒ.പി.കെ അബ്ദുൽ ഗഫൂർ, ജനപ്രതിനിധികളായ വി.കോമുകുട്ടി, സി.എം രാധാമണി, സി.എച്ച് അബ്ദുറഹ്മാൻ, പി.ടി ഖദീജ ടീച്ചർ, ഒ.പി കുഞ്ഞാപ്പുഹാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രന്ഥാലയം സെക്രട്ടറി കെ.പി വാരിജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.