വെള്ളക്കെട്ടിനെതിരെ മുൻകരുതൽ; ഏനാമാവിലെ താത്കാലിക ബണ്ട് ഭാഗികമായി നീക്കം ചെയ്തു

തൃശൂർ ജില്ലയിലെ ഏനാമാവ് റെഗുലേറ്ററിന് മുൻ വശത്തുള്ള താത്കാലിക ബണ്ട് ഭാഗികമായി പൊളിച്ചു. ശക്തമായ മഴയെ തുടർന്ന് ബണ്ടിലെത്തിയ അധികജലം കടലിലേക്ക് ഒഴുക്കിവിടുന്നതിൻ്റെ ഭാഗമായാണ് നടപടി.
തൃശൂർ മേഖലയിൽ വെള്ളക്കെട്ട് തടയുന്നതിന് ആവശ്യമായ സ്ഥലത്ത് ഏറ്റവും കുറഞ്ഞ നീളത്തിൽ താത്കാലിക ബണ്ട് നീക്കം ചെയ്യാൻ ജില്ലാ കലക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു.
തൃശൂർ മേഖലയിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന ഏനാമ്മാക്കൽ റെഗുലേറ്ററിന് മുന്നിലുള്ള താൽക്കാലിക ബണ്ടിന്റെ അപ്സ്ട്രീമിലെ ജലനിരപ്പ് 100 സെൻ്റിമീറ്ററായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് താൽക്കാലിക ബണ്ട് തടസ്സം സൃഷ്ടിക്കുമ്പോൾ തൃശൂർ മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെടും എന്നതിനാലാണ് നടപടി. വെള്ളക്കെട്ടിനുള്ള സാധ്യത ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുമുതലിനും സംരക്ഷണം നൽകാനും ദുരന്തസാധ്യത ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചത്.