പടിയൂർ പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തൃശൂർ ജില്ലയിൽ പടിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നു റോഡുകളുടെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു നിർവഹിച്ചു. മുഴുവഞ്ചേരി തുരുത്ത് ചക്കരപാടം പാലംറോഡ്, ശിവകുമാരേശ്വര പാപ്പാത്തു മുറി ഈസ്റ്റ് റോഡ്, കാക്കാത്തുരുത്തി മുനയം റോഡ് എന്നീ റോഡുകളുടെ നിർമ്മാണോദ്ഘാടനം ആണ് നിർവഹിച്ചത്.
പടിയൂർ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട എംഎൽഎ വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് റോഡുകൾ നിർമ്മിക്കുന്നത്. എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് മുഴുവഞ്ചേരി തുരുത്ത് ചക്കരപാടം പാലംറോഡ് നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്.
ശിവകുമാരേശ്വര പാപ്പാത്തു മുറി ഈസ്റ്റ് റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നീക്കിവച്ചിട്ടുണ്ട്. കാക്കാത്തുരുത്തി മുനയം റോഡ് നിർമ്മാണത്തിന് 27 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.