കാഴ്ചകൾ കണ്ടറിയാം, തൊട്ടറിയാം; വിദ്യാലയത്തെ മാറ്റിമറിച്ച് കിലുക്കാംപെട്ടി

post

മനോഹരമായ ചുമർചിത്രങ്ങളും ഭംഗിയുള്ള മുറ്റവും വർണ്ണാഭമായ ക്ലാസ് മുറികളുമായി വിദ്യാലയത്തിന്റെ മുഖഛായ മാറ്റി കിലുക്കാംപെട്ടി പദ്ധതി. തൃശൂർ പുല്ലൂറ്റ് ഗവ. എൽപി സ്കൂളിൽ സ്റ്റാർസ് വർണ്ണക്കൂടാരത്തിന്റെ ഭാഗമായ കിലുക്കാംപെട്ടി പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു.

ഗുണമേന്മയുള്ളതും ശാസ്ത്രീയമായ പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന കുഞ്ഞുങ്ങളുടെ അവകാശം സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി സമഗ്ര ശിക്ഷ കേരള സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ ബിആർസിയുടെ നേതൃത്വത്തിലാണ് കിലുക്കാംപെട്ടി പദ്ധതി വിദ്യാലയത്തിൽ ഒരുക്കിയത്.

സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതിയായ വർണക്കൂടാരം സ്കൂളിൽ കിലുക്കാംപെട്ടി എന്ന പേരിലാണ് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി കളിസ്ഥലങ്ങൾ, നടപ്പാതയോടു കൂടിയ ചെറിയ കുളം, മീനുകൾ, ഞണ്ട് തുടങ്ങിയവ കൊത്തിവെച്ച പ്രവേശന കവാടം, റോഡ് പോലെയുള്ള നടപ്പാത, സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ചുമർ ചിത്രങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

10 ലക്ഷം ചെലവഴിച്ച് 13 പ്രവർത്തന ഇടങ്ങളാണ് വിദ്യാലയത്തിൽ കിലുക്കാംപെട്ടി പദ്ധതിയിലൂടെ സജ്ജമാക്കിയത്. ഓരോ ഇടവും കുട്ടിയുടെ ഭാവനയും ചിന്തയും ഉണർത്തുന്ന തരത്തിലാണ്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം സ്വായത്തമാക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്.

സ്‌കൂളിനായി ചുമർചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് കണ്ണനെ അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ ചടങ്ങിൽ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.

ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി. കെ ഗീത അധ്യക്ഷയായി തൃശ്ശൂർ എസ് എസ് കെ , ഡി പി സി ഡോ. എൻ ജെ ബിനോയ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി എസ് ദിനൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ , കെ എസ് കൈസാബ്, എൽസി പോൾ , ഹെഡ്മിസ്ട്രസ് പി ഡി ട്രീസബിജി , പിടിഎ പ്രസിഡൻറ് ആതിര ശിവദാസ്, തുടങ്ങിയവർ പങ്കെടുത്തു.