ആതുരസേവന രംഗത്ത് വടക്കാഞ്ചേരി സർവ്വ സജ്ജം

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പുതിയ ഒ പി ബ്ലോക്ക് വരുന്നു. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു.1.52 കോടി രൂപ ചിലവഴിച്ചാണ് ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്. വാപ്കോസിനാണ് നിർമാണ ചുമതല.
18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പുരോഗമിക്കുന്നത്. 8 കോടി രൂപ ചിലവിൽ നിർമിക്കുന്ന കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഐസൊലേഷൻ ബ്ലോക്ക് നിർമാണം പൂർത്തിയാവുകയും, ഡി ഇ ഐ സി യും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. ഐ പി ബ്ലോക്ക് നിർമ്മാണത്തിനായി ഈ വർഷത്തെ സർക്കാർ ബജറ്റിൽ 2 കോടി രൂപ വകയിരുത്തി.
ആശുപത്രിയുടെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലാണ്. വടക്കാഞ്ചേരി, എരുമപ്പെട്ടി, ചേലക്കര മേഖലകളിലെ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രിയെ കൂടുതൽ പശ്ചാത്തല സൗകര്യങ്ങളും മികച്ച ചികിത്സാ സംവിധാനങ്ങളുമുള്ള ആശുപത്രിയാക്കി മാറ്റുകയാണ്.