അറിവ് 2023 : പദ്ധതിയുടെ ഭാഗമായി ജില്ലാ ജയില്‍ പഠിതാക്കള്‍ക്കായി പരിശീലനം

post

ജയില്‍ അന്തേവാസികളിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനായി പാലക്കാട് ജില്ലാ പഞ്ചായത്തും സാക്ഷരതമിഷനും സംയുക്തമായി നടപ്പാക്കുന്ന 'അറിവ് 2023'. പദ്ധതിയുടെ ഭാഗമായി ജില്ലാ ജയിലില്‍ പഠിതാക്കള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. കഴിഞ്ഞ വായനദിനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോളാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അന്തേവാസികളില്‍ മൂപ്പതോളം പേര്‍ക്ക് അക്ഷരങ്ങളുടെ ലോകം അന്യമാണ്. അവര്‍ക്ക് അക്ഷരത്തിന്റെ പുതുവെളിച്ചം നല്‍കണമെന്ന ജയില്‍ അധികാരികളുടെ ആഗ്രഹമാണ് പദ്ധതിയുടെ നിര്‍വഹണത്തിലേക്ക് സാക്ഷരതമിഷനെ എത്തിച്ചത്. ജയില്‍ അന്തേവാസികളില്‍ തന്നെ വിദ്യാസമ്പന്നരായവരെ കൊണ്ട് ക്ലാസുകള്‍ നടത്തിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്.

സംസ്ഥാന സാക്ഷരതമിഷന്‍ തയ്യാറാക്കിയ പാഠപുസ്തകം അടിസ്ഥാനമാക്കി, തിരഞ്ഞെടുക്കപ്പെട്ട ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസെടുക്കുക. അസി. കോര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഒ.വിജയന്‍ മാസ്റ്റര്‍, ജയന്‍, പ്രസാദ്, ജയിലിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.