കരിയിലക്കുളം ഏലാ തോടിന് പുതുജീവനേകി കയര്‍ ഭൂവസ്ത്രം

post

കൊല്ലം പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കരിയിലക്കുളം ഏലാ തോടിന് പുതുജീവനേകി തൊഴിലുറപ്പ് തൊഴിലാളികള്‍. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് തോടിന് സംരക്ഷണഭിത്തി തീര്‍ത്തു.

മഴക്കാലത്ത് തോടിന്റെ കരകള്‍ ഇടിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറുക പതിവായിരുന്നു. ഓരോ വര്‍ഷവും തോട് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കരിയിലക്കുളം ഏലാ തോടിന് ഇരുവശവും കയര്‍ ഭൂവസ്ത്രം അണിയിച്ചതോടെ കാലങ്ങളായി കര്‍ഷകര്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,94,760 രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 35 തൊഴിലുറപ്പ് തൊഴിലാളികള്‍ 543 ദിവസങ്ങള്‍ കൊണ്ടാണ് തോടിന് ഇരുവശവും സംരക്ഷണഭിത്തി തീര്‍ത്തത്. പരിസ്ഥിതി സംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ പറഞ്ഞു.