ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിൽക്കുന്നതിന് തയ്യാറുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്നതിന് ഭൂമി വിൽക്കുന്നതിന് തയ്യാറുളള ഭൂ ഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദിവാസി പുനരധിവാസ വികസന മിഷൻ (റ്റി.ആർ.ഡി.എം.) ജില്ലാ മിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുഖേന ഭൂമി വാങ്ങുന്നതിലേയ്ക്ക് ഭൂമിയുടെ ഉടമസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുളള വാസയോഗ്യമായ ഭൂമി (കുടിവെളള ലഭ്യത, റോഡ്, വൈദ്യുതി, തുടങ്ങിയവയടക്കം യാതൊരുവിധ നിയമക്കുരുക്കുകളിലും ഉൾപ്പെടാത്ത, ബാധ്യതകളില്ലാത്ത ഉത്തമഭൂമി) വിൽക്കുന്നതിന് തയ്യാറെന്ന സമ്മതപത്രം ഉൾപ്പെടുത്തി അപേക്ഷ ജില്ലാ കളക്ടർക്ക് നൽകേണ്ടതാണ്. കുറഞ്ഞത് ഒരേക്കർ വരെയുളള ഭൂമിയുടെ ഉടമസ്ഥർക്ക് വിൽപ്പനയ്ക്കായി അപേക്ഷിയ്ക്കാം.
സ്ഥല ഉടമകൾ സമർപ്പിക്കുന്ന വിശദാംശങ്ങൾക്കൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്, അടിയാധാരം, ഭൂമിയുടെ സ്കെച്ച്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ അക്കൗണ്ട്, 15 വർഷത്തെ കുടികിട സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ജില്ലാ ഗവൺമെന്റ് പ്ലീഡറിൽ നിന്നുളള ലീഗൽ സ്ക്രൂട്ടിണി സർട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവൻ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വിൽപ്പനയ്ക്ക് തയ്യാറാണെന്നുളള സമ്മതപത്രം എന്നിവ ഉൾപ്പെട്ടിരിക്കണം.
ഭൂമി തെരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിഗണിയ്ക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാ കളക്ടർക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. വിവരങ്ങൾ ജില്ലാ കളക്ടർ, പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ആലപ്പുഴ എന്നിവരുടെ കാര്യാലയങ്ങളിൽ നിന്നും ലഭിക്കും.
ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0475 2222353, 9496070348.