എസ്.ടി പ്രമോട്ടർ: ജൂൺ 20 വരെ അപേക്ഷിക്കാം

post

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസുകൾ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുളള പട്ടികവർഗ്ഗ പ്രമോട്ടർ, ഹെൽത്ത് പ്രമോട്ടർമാരുടെ താൽക്കാലിക നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സേവന സന്നദ്ധതയുളള പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവർഗ്ഗ യുവതിയുവാക്കൾക്ക് അപേക്ഷിക്കാം.

പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 20 നും 40 നും മധ്യേ. ഹെൽത്ത് പ്രമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷ ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മുഖേന സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസപരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല.

അപേക്ഷ ജൂൺ 20 ന് വൈകീട്ട് 5 നകം സമർപ്പിക്കണം. നിയമന കാലാവധി രണ്ട് വർഷമായിരിക്കും. മാനന്തവാടി താലൂക്ക് പരിധിയിലുളളവർ കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലോ, കുഞ്ഞാം, തവിഞ്ഞാൽ, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടണം. ഫോൺ: 04935 240210.