കാസർഗോഡ് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തി

post

മഴക്കെടുതികള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസർഗോഡ് ജില്ലയിലെ മഴക്കെടുതി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓൺലൈനായി യോഗത്തില്‍  അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തേണ്ടുന്ന മഴക്കെടുതികള്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി നടത്തണം. കാലതാമസം കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വിവരങ്ങള്‍ എത്തിക്കുന്നതിലും വകുപ്പുകള്‍ ഏകീകരിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

റോഡുകളിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കും അപകടകരമായി വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതും ജലസ്രോതസ്സുകളിലും പൊതുയിടങ്ങളിലും കുന്നുകൂടിയ മാലിന്യനീക്കം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ചെയ്തു കഴിഞ്ഞു. ആവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ റിലീഫ് ക്യാമ്പുകള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ നേരിടാന്‍ പോലീസ് സജ്ജമാണ്. ആവശ്യമായേക്കാവുന്ന ഇടങ്ങളിലേക്ക് ജീവനക്കാരെ നിയോഗിച്ച്, ജനറേറ്റര്‍, ഉച്ചഭാഷിണി തുടങ്ങി സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി വെച്ചുകഴിഞ്ഞു. ആരോഗ്യ വകുപ്പ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റി യോഗം ചേര്‍ന്ന് റവന്യൂ ബ്ലോക്ക് തലത്തില്‍ പരിശീലനം ലഭിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ഏറ്റവും ആവശ്യമായി വരുന്ന ഒ.ആര്‍.എസ്, എലിപ്പനി പ്രതിരോധ ഗുളികള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും.

ജില്ലയില്‍ അഞ്ച് ഫയര്‍ സ്റ്റേഷനുകളും മഴക്കാലക്കെടുതികള്‍ നേരിടാന്‍ സജ്ജമാണ്. ആപതാമിത്ര പരിശീലനം ലഭിച്ച 300 വളണ്ടിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. കടല്‍ പ്രക്ഷോഭങ്ങള്‍ പ്രതീക്ഷിക്കുന്ന തൃക്കണ്ണാട് കടപ്പുറത്ത് ജിയോബാഗുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. കീഴൂരിലും ജിയോബാഗ് സംരക്ഷണം ഏര്‍പ്പെടുത്തും. അവശ്യഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തയ്യാറാണ്. മെയ് 15 മുതല്‍ ഫിഷറീസിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഗോവയില്‍ പ്രത്യേക പരിശീലനം ലഭിച്ച 25 മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും.

തെരുവ് നായ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് ജില്ലാ പഞ്ചായത്ത് കാണുന്നത്. സാങ്കേതിക തടസ്സങ്ങളാലാണ് എ.ബി.സി കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നത്. പെട്ടെന്ന് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മുളിയാര്‍ എ.ബി.സി ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയപാതയിലെ വെള്ളക്കെട്ടുകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റിയുമായി ജൂണ്‍ 17ന് യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. മഴക്കെടുതി നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും കളക്ടര്‍ പറഞ്ഞു.