ആയിരംകണ്ണി ജനകീയാരോഗ്യ കേന്ദ്രം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിനു സമർപ്പിച്ചു

post

തൃശൂർ എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിരംകണ്ണി ജനകീയാരോഗ്യ കേന്ദ്രം തുറമുഖ - മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുജന ആരോഗ്യത്തിന് വലിയ ഉണര്‍വ് പകരുന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്നും സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ വരെ എത്തിക്കുകയെന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് കൂടി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന നേട്ടം പൂര്‍ണ്ണമായി കൈവരിക്കാൻ കഴിയു എന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഉയര്‍ന്ന ആരോഗ്യ നിലവാരം കൈവരിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ആരോഗ്യ സൂചികകളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സംസ്ഥാനം.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത്. ആഴ്ചയില്‍ ആറു ദിവസവും ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ സേവനം ലഭിക്കും എന്നതാണ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത. ആരോഗ്യ മേഖലയില്‍ നാം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്‍.കെ അക്ബര്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് ചികിത്സാ മുറികള്‍, വിശ്രമസ്ഥലം, രണ്ട് ബാത്റൂമുകള്‍ ഉള്‍പ്പെടെ 840 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ആരോഗ്യ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍, ജീവിത ശൈലി രോഗങ്ങള്‍ എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിലൂടെ സാധ്യമാകും. ജനകീയ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിച്ച് വ്യായാമം, യോഗ ,ലഹരി വിരുദ്ധ ബോധവത്കരണം, മാനസികാരോഗ്യം, ഗര്‍ഭിണികള്‍,കുട്ടികള്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് പ്രത്യേകം ആരോഗ്യ സേവനങ്ങളും കേന്ദ്രത്തില്‍ ലഭ്യമാകും.

ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കാനായി സൗജന്യമായി 10 സെന്റ് ഭൂമി വിട്ടു നല്‍കിയ എരണേഴത്ത് വീട്ടില്‍ വിനോദിനെയും കുടുംബത്തേയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. മാതാപിതാക്കളായ പത്മനാഭന്‍-നാരായണി ദമ്പതികളുടെ സ്മരണാര്‍ത്ഥമാണ് വിനോദ് സൗജന്യമായി പഞ്ചായത്തിന് ഭൂമി വിട്ടു നല്‍കിയത്.

എന്‍ കെ അക്ബര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമദ്, ഡി എം ഒ ഡോ. ടി പി ശ്രീദേവി, ഡി പി എം ഡോ. ടി വി റോഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ നയന ജോസ് സി, എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല സോമന്‍ , ജനപ്രതിനിധികളായ നിമിഷ അജീഷ്, ബി കെ സുദര്‍ശനന്‍, കെ ബി സുരേഷ്, ബിന്ദു സുരേഷ്, സതീഷ് പനക്കല്‍, അനിത മുരുകേശന്‍, ഷീന ദിലീപ് കുമാര്‍, ഡോ നിജു ജോര്‍ജ് കുന്നത്ത്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.