മലയിൻകീഴിൽ പി.ഡബ്ല്യൂ.ഡി.കോംപ്ലക്‌സ് വരുന്നു: 2025ൽ പണി പൂർത്തിയാകും

post

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിലാക്കി മലയിൻകീഴ് മേപ്പൂക്കടയിൽ പൊതുമരാമത്ത് കോംപ്ലക്‌സ് യാഥാർത്ഥ്യമാകുന്നു. കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. നിർമാണ പ്രവർത്തികൾ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പി.ഡബ്ല്യൂ.ഡി. കോംപ്ലക്‌സ് പണി പൂർത്തിയാക്കും. നിർമാണം കൂടുതൽ കാര്യക്ഷമമാക്കാൻ, ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഐ. ബി. സതീഷ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി.


മൂന്ന് നിലകളിലായി 13,200 ചതുരശ്രയടി വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുന്നത്. നിലവിൽ ഫൗണ്ടേഷൻ, ഒന്നാം നില എന്നിവയ്ക്കായി 2.64 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 6,500 ചതുരശ്രയടിയുള്ള ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറികൾ, കാർ പാർക്കിംഗ് സൗകര്യം, ലിഫ്റ്റ് എന്നിവയാണുള്ളത്. സർക്കാർ ഓഫീസുകൾക്ക് പുറമെ വാണിജ്യ സ്ഥാപങ്ങൾക്കും പി.ഡബ്ല്യൂ.ഡി.കോംപ്ലക്‌സിൽ പ്രവർത്തന സൗകര്യം ഒരുങ്ങും. പൊതുമരാമത്ത് വകുപ്പ് നെയ്യാറ്റിൻകര കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി എന്നിവരും പങ്കെടുത്തു.