കോവിഡ് 19: രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി ഡോ. കെ.ടി ജലീല്‍

post

മലപ്പുറം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി


മലപ്പുറം: കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ഇനിയുള്ള രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍.  നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് സ്വയം സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്ന് മലപ്പുറം കലക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിനു ശേഷം  മന്ത്രി പറഞ്ഞു. ജനകീയമായുള്ള സഹകരണത്തിലൂടെ മാത്രമെ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വിപത്തില്‍ നിന്നു നാടിനെ രക്ഷിക്കാനാവൂ. സാമൂഹ്യമായുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണം. യാത്രകള്‍ പരമാവധി കുറക്കണം. അത്യാവശ്യങ്ങള്‍ക്കുമാത്രമായി യാത്രകള്‍ പരിമിതപ്പെടുത്തണം. ആരാധനലായങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം എത്തുന്നത് കര്‍ശനമായും ഒഴിവാക്കണം. ആരാധനകളില്‍ 20 പേര്‍ മാത്രമെ ഒരേ സമയം പങ്കെടുക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണം. കൂട്ടം ചേര്‍ന്നുള്ള അനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. മതപാഠശാലകള്‍ നിര്‍ബന്ധമായും അടച്ചിടണം. റോഡരികുകളിലുള്ള ആരാധനാലയങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അടച്ചിടുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഇതൊരു അഭ്യര്‍ഥനയായി എല്ലാവരും കണക്കിലെടുക്കണം.

ജില്ലയില്‍ നാലുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് കൂടുതല്‍ പേരിലേക്കു വ്യാപിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉറപ്പുവരുത്താനും പൊതു സമൂഹം തയ്യാറാവണം. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പ്രയാസമുണ്ടെങ്കില്‍ ജില്ലയില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണം. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ നാഷണല്‍ ഹോസ്റ്റല്‍, നിലമ്പൂരിലെ എം.എസ്.പി ക്യാമ്പ്, മലപ്പുറം ശിക്ഷക് സദന്‍, കോട്ടക്കല്‍ അധ്യാപക സദന്‍, കരിപ്പൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും ഏതു സമയവും ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വാര്‍ഡുതലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളും പൊലീസും കാര്യക്ഷമമായി ഇടപെട്ടു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കാന്‍  ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി


കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവയുടെ ശുചിത്വം ഉറപ്പാക്കാന്‍  ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന.  ജില്ലയിലെ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ 100 ഓളം സ്ഥാപനങ്ങള്‍ സ്‌ക്വാഡുകള്‍ പരിശോധിച്ചു.  ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.  ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി കോഴിക്കോട് റീജിയനല്‍ അനലറ്റിക്കല്‍ ലാബിലേക്ക് അയക്കുകയും ചെയ്തു. കോവിഡ് 19  ഭീഷണി അവസാനിക്കുന്നതുവരെ ജില്ലയില്‍ സ്‌ക്വാഡുകള്‍ തുടരാനാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ഇതനുസരിച്ച് വരും ദിവസങ്ങളില്‍ ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്ന്  ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമീഷണര്‍ ജി. ജയശ്രീ അറിയിച്ചു.  

ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും വ്യക്തി ശുചിത്വം പാലിക്കണം. കൃത്യമായ ശുചിത്വ സംവിധാനങ്ങള്‍ സ്ഥാപന ഉടമ ഉറപ്പ് വരുത്തണം.  ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുളളൂ.  ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമീഷണര്‍ അറിയിച്ചു.

 

ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കുന്ന മറ്റു നിര്‍ദ്ദേശങ്ങള്‍


•പനി, തുമ്മല്‍, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങളുള്ള ജോലിക്കാരെ കര്‍ശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.  താത്ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റണം.

•ഭക്ഷണം പാചകം ചെയ്യുന്നവര്‍ മാസ്‌ക് ഉപയോഗിക്കണം.

•മേശപ്പുറത്ത് പാത്രങ്ങളില്‍ കറികള്‍ നേരത്തെ വിളമ്പി വയ്ക്കുന്നത് ഒഴിവാക്കണം.

•മേശപ്പുറം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണി സോപ്പുവെളളത്തില്‍ കഴുകിയതിന് ശേഷം മാത്രമേ അടുത്ത മേശ തുടയ്ക്കാന്‍ പാടുളളൂ.

•ആഹാരം കഴിച്ച ശേഷം പാത്രങ്ങള്‍, ഗ്ലാസ്, സ്പൂണ്‍ എന്നിവ ഡിഷ് വാഷ്, ലിക്വിഡ് സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുകയും പിന്നീട് തിളച്ച വെളളത്തില്‍ മുക്കിയെടുക്കുകയും വേണം.

•ആഹാരം കഴിക്കുന്നതിനായി വരുന്നവര്‍ക്ക് കൈകഴുകാന്‍ ലിക്വിഡ് ഹാന്‍ഡ് വാഷ് നല്‍കണം.  ഇത് വെളളം ഒഴിച്ച് നേര്‍പ്പിക്കരുത്.

•ക്യാഷ് കൗണ്ടറില്‍ രൂപ കൈകാര്യം ചെയ്യുന്നവര്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യരുത്.

•തട്ടുകടകളില്‍ ആഹാര സാധനങ്ങള്‍ അടച്ച് സൂക്ഷിക്കേണ്ടതും വാങ്ങുവാന്‍ വരുന്നവര്‍ക്ക് ആഹാരസാധനങ്ങളില്‍ കൈതൊടാന്‍ അവസരം നല്‍കാതിരിക്കുകയും വേണം.

•ജ്യൂസ് കടകള്‍ നടത്തുന്ന വ്യക്തികള്‍ ഗ്ലാസ് കഴുകാന്‍ പ്രത്യേകം ജീവനക്കാരനെ വയ്ക്കണം. ഉപയോഗശേഷം ഗ്ലാസ് സോപ്പുവെളളത്തില്‍ കഴുകി രണ്ട് പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകണം.

•ജ്യൂസിന് നിര്‍ബന്ധമായും സ്‌ട്രോ നല്‍കണം.

•ജീവനക്കാര്‍ മൊബൈല്‍ഫോണ്‍, നോട്ട്, നാണയങ്ങള്‍ എന്നിവ ജോലി സമയങ്ങളില്‍ ഉപയോഗിക്കരുത്.