മലപ്പുറം ജില്ലയിൽ വീണ്ടും ഭക്ഷ്യ വിഷബാധ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

post

മലപ്പുറം ജില്ലയിൽ പാലപ്പെട്ടി പഞ്ചായത്തിൽ കല്യാണ ചടങ്ങിൽ പങ്കെടുത്ത 170 പേർക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഈ കല്യാണ പരിപാടിക്ക് ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ പുറത്തുനിന്നും വാങ്ങി ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് നിഗമനം. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മാറഞ്ചേരി ആരോഗ്യ ബ്ലോക്കിന് കീഴിൽ തീരദേശ മേഖലയിൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. അതുകൊണ്ട് നിരവധി ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികളിൽ പൊതുജനങ്ങൾ എല്ലാവരും പ്രത്യേകിച്ച് തീരദേശ മേഖലയിലുള്ളവരും ഭക്ഷ്യ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണം.

ഭക്ഷ്യവിഷബാധക്കെതിരെയും ജലജന്യ രോഗങ്ങൾക്കെതിരെയും പ്രതിരോധ നടപടി സ്വീകരിക്കുന്നതിനായി വിവാഹ സത്കാരങ്ങളും മറ്റു ആഘോഷ പരിപാടികളും നടത്തുമ്പോൾ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും ആവശ്യമായ മാർഗനിർദേശങ്ങൾ തേടേണ്ടതുമാണ്. തുടർന്നും ഇതുപോലെയുള്ള പരിപാടികളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യും.

ജനങ്ങൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ശാസ്ത്രീയമല്ലാത്തതിനാൽ കിണറുകളിലെ കുടിവെള്ളവും മലിനപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. കടകളിൽ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നും മാത്രം വാങ്ങി ഉപയോഗിക്കുക. ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. അടുക്കള, സ്റ്റോർ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയോ പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപഥാർത്ഥങ്ങൾ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെയും നാം ജാഗ്രത പാലിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ പോലെ തന്നെ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ശാസ്ത്രീയമായ കൈകഴുകൽ ജലജന്യരോഗങ്ങളേ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഡി.എം.ഒ വ്യക്തമാക്കി.

വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവന് ഭീഷണിയാകും. കുട്ടികൾ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാർഗങ്ങൾ:

 വിവാഹ സത്കാരങ്ങളിലും ആഘോഷ പരിപാടികളിലും കിണറുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുക.

കടകളിൽ നിന്നും ഐസ് വാങ്ങി ഉപയോഗിക്കുമ്പോൾ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നും മാത്രം വാങ്ങി ഉപയോഗിക്കുക.

ശീതള പാനീയങ്ങൾ തയ്യാറാക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളുടെ വെള്ളം മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

• കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ച് വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

• തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.

• കൈകൾ ആഹാരത്തിന് മുമ്പും ടോയ്ലെറ്റിൽ പോയതിന് ശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

• വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മത്രം കുടിക്കാനുപയോഗിക്കുക.

• പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

• തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.