സമ്പൂർണ ശുചിത്വ വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്തായി വാളകം

post

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി എറണാകുളം ജില്ലയിലെ വാളകം പഞ്ചായത്തിൽ ഹരിത സഭ ചേർന്നു. മാർച്ച്‌ 15 മുതൽ പഞ്ചായത്തിൽ നടപ്പാക്കിയ മാലിന്യ സംസ്കരണ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനാണ് ഹരിത സഭ ചേർന്നത്. മാലിന്യസംസ്കരണവും അതിന്റെ ഭാഗമായി ഉണ്ടായ പുരോഗതി, മാറ്റങ്ങൾ, പ്രത്യേക പ്രവർത്തനങ്ങൾ, നൂതന പ്രവർത്തനങ്ങൾ, പ്രതിസന്ധികളും തടസ്സങ്ങളും പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സഭയിൽ ചർച്ച ചെയ്തു.

പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രസിഡന്റ് ബിനോ കെ. ചെറിയാൻ പ്രഖ്യാപിച്ചു. വലിച്ചെറിയല്‍ മുക്തപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. പൊതു ഇടങ്ങളിലും മാർക്കറ്റുകളിലും കുമിഞ്ഞു കൂടിയ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തു. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വീടുകളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു. പഞ്ചായത്തിൽ റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സമിതികൾ തുടങ്ങി വിവിധ സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുകയും ബോധവത്കരണം നൽകുകയും ചെയ്തു.

വലിച്ചെറിയല്‍ മുക്തപഞ്ചായത്ത് പദവി നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി ശക്തമായ തുടർ നടപടികളും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശക്തമായ നിയമ നടപടികളും സ്വീകരിക്കും. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. പോലീസുമായി ചേർന്ന് പഞ്ചായത്തിലെ പ്രധാന ഇടങ്ങളില്‍ സി.സി ടി. വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു.

വാളകം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് രജിത സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം. ജയരാജ്, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ പി. കെ രജി, ലിസ്സി എല്‍ദോസ്, ദിഷ ബേസില്‍, പഞ്ചായത്ത് അംഗങ്ങളായ സി.വൈ. ജോളിമോന്‍, കെ. പി അബ്രഹാം, റാണി സണ്ണി, മോള്‍സി എല്‍ദോസ്, ജമന്തി മദനന്‍. പി. എം. മനോജ്, പി. പി.മത്തായി, ഷീല ദാസ് , നോഡല്‍ ഓഫീസര്‍ വി.ജെ. വിദ്യ, അസ്സിസ്റ്റന്‍റ് സെക്രട്ടറി കെ. കെ. അനിത. മെഡിക്കല്‍ ഓഫീസര്‍ കമല്‍ ജിത്ത് , ഹരിതസഭ നിരീക്ഷകൻ തമ്പി ആന്റണി മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.