കട്ടപ്പനയെ നിശ്ചലമാക്കി ജനതാ കര്‍ഫ്യൂ

ഇടുക്കി: സ്വയം നിയന്ത്രണം പാലിക്കാന്‍ ജനങ്ങള്‍ തയാറായതോടെ നാടും നഗരവും വിജനമായി. ആളനക്കമില്ലാത്ത റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുമാണ് ഹൈറേഞ്ചില്‍ എവിടെയും കാണാന്‍ കഴിയുക. ഇരുചക്ര വാഹനങ്ങള്‍ പോലും ആരും നിരത്തിലിറക്കിയില്ല. തിരക്കേറിയ കട്ടപ്പന പോലുള്ള പട്ടണങ്ങള്‍ ആളും അനക്കവുമില്ലാതെയായി. ഓട്ടോറിക്ഷകളും ടാക്‌സികളും പൂര്‍ണമായും ഒതുക്കി.
മിക്കവരും കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കുകയാണ്. ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പുതിയ ബസ് സ്‌ററാന്‍ഡും പരിസരവുമാണ് ശുചീകരിച്ചത്. ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം മുമ്പേ ഏര്‍പ്പെടുത്തിയിരുന്നു. മിക്ക ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് വിലക്കുമേര്‍പ്പെടുത്തി. പള്ളികളില്‍ ഞായറാഴ്ചകളിലെ കുര്‍ബാനയും മാറ്റിയിരുന്നു. ഇന്നലത്തെ കുര്‍ബാനയില്‍ വൈദികര്‍ മാത്രമാണ് പങ്കെടുത്തത്. നവ മാധ്യമങ്ങളിലൂടെയും പ്രദേശീക ചാനലുകളിലൂടെയും ലൈവ് വിടുകയും ചെയ്തു. മുസ്ലീം പള്ളികളിലെ നിസ്‌കാരവും നിര്‍ത്തിവച്ചിരുന്നു. തോട്ടം മേഖലകളിലും വിജനമായിരുന്നു.