താനൂർ മണ്ഡലത്തിലെ നാല് സ്റ്റേഡിയങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

post

എല്ലാ പഞ്ചായത്തുകളിലും നല്ല കളിക്കളങ്ങൾ എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തീരദേശത്തിന്റെ കായിക സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മലപ്പുറം താനൂര്‍ മണ്ഡലത്തിലെ അന്തര്‍ദേശീയ നിലവാരത്തിലുള്ള നാല് സ്റ്റേഡിയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമര്‍പ്പിച്ചു. എല്ലാ പഞ്ചായത്തുകളിലും നല്ല കളിക്കളങ്ങൾ എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പുതിയ കായിക നയം രൂപീകരിച്ചിരിക്കുന്നത്. കായിക പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ കൂടി നടപ്പാക്കാവുന്ന വിധത്തിൽ ഏറ്റെടുക്കുക എന്നതാണ് പ്രധാനം. കേരളത്തിൽ സമസ്ത മേഖലയിലും വികസനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമാണ് തീരദേശത്തെ സ്റ്റേഡിയങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

10.2 കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടിയിൽ നിർമിച്ച സ്റ്റേഡിയം, ഉണ്യാലില്‍ 4.95 കോടി രൂപ ചെലവില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച സ്റ്റേഡിയം , താനൂര്‍ ഫിഷറീസ് സ്‌കൂളിൽ 2.9 കോടി രൂപ ചെലവില്‍ നിർമിച്ച സ്റ്റേഡിയം, താനാളൂരില്‍ 80 ലക്ഷം രൂപ ചെലവില്‍ നിർമിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. ഫിഷറീസ് സ്‌കൂളിന് നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ ഹൈടെക് കെട്ടിടത്തിന്റെ സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.


കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു. ഷറഫലി, പ്രമുഖ ഫുട്ബോൾ താരം ഐ. എം വിജയൻ, കായിക യുവജന ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.