വിവരസാങ്കേതികവിദ്യാ മേഖലയുടെ വികസനത്തിന് കുതിപ്പേകാൻ ഐടി വകുപ്പിന്റെ പദ്ധതികൾ

post

സംസ്ഥാനത്തെ വിവരസാങ്കേതികവിദ്യാ മേഖലയുടെ വികസനത്തിന് കുതിപ്പേകാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഐടി വകുപ്പിന് കീഴിൽ ഒരുക്കിയ പദ്ധതികളാണ് ഉദ്‌ഘാടന സജ്ജമായിരിക്കുന്നത്. ഡിജിറ്റൽ സർവകലാശാല, സി -ഡിറ്റ്, കേരള സംസ്ഥാന ഐ ടി മിഷൻ, ഐസിഫോസ്, കൊച്ചി ഇൻഫോപാർക്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതികൾ യാഥാർഥ്യമായിരിക്കുന്നത്.

ഡിജിറ്റൽ സർവകലാശാലയിൽ സജ്ജമാക്കിയ പി.സി.ബി ലാബ്, ഇലക്ട്രോണിക് ലാബുകൾ എന്നിവ ഉദ്‌ഘാടനത്തിൽ ഒരുങ്ങിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ സർവകലാശാലയുടെ പുതിയ ഇന്റർനാഷണൽ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും.

സി- ഡിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്കും തൊഴിൽദായക ഏജൻസികൾക്കും ഓൺലൈൻ പരീക്ഷയും ഓൺ സ്ക്രീൻ മൂല്യ നിർണ്ണയവും നടത്തുന്നതിനുള്ള സോഫ്ട്‍വെയർ സംവിധാനത്തിനും തുടക്കമാവുകയാണ്. അതോടൊപ്പം യുണീകോഡ് മലയാളം ഫോണ്ടുകളുടെ നിർമാണം, ഡോക്യുമെന്റ് ഹെറിറ്റേജ് സംരക്ഷണം, ഡിജിറ്റലൈസേഷൻ എന്നിവയിൽ പുതിയ ഡിപ്ലോമ കോഴ്‌സിനും തുടക്കമാകും.

കേരള സംസ്ഥാന ഐ ടി മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്റ്റേറ്റ് ഡാറ്റ സെന്റർ ഡിസാസ്റ്റർ റിക്കവറി സിസ്റ്റം, കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് ക്യാമ്പുകൾ എന്നിവയും പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങുകയാണ്. അഞ്ചു വയസു മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികൾക്കായാണ് സ്‌കൂളുകളിൽ ബയോമെട്രിക് ക്യാമ്പുകൾ സംഘടിപ്പിക്കുക.

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, ഐസിഫോസിന്റെ (ICFOSS) ആഭിമുഖ്യത്തിൽ പഠനവൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി ഒരുക്കിയ റൈറ്റിങ് അസിസ്റ്റ് ഉപകരണം, പെർസെപ്ച്വൽ മോട്ടോർ സ്‌കിൽസ് അസിസ്റ്റ് ഉപകരണം, സെൻസറി അക്ഷരമാല ഉപകരണം എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്. ഐ.ഓ.ടി അധിഷ്ഠിത പഞ്ചായത്ത്, ഐ.ഓ.ടി അധിഷ്ഠിത നാഗരാന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ സംവിധാനം എന്നിവയും ഐസിഫോസ് മുഖാന്തിരം സജ്ജമാക്കിയിട്ടുണ്ട്.

കൊച്ചി ഇൻഫോപാർക്കിലെ ജ്യോതിർമയി ഇൻഫോ പാർക്ക് ഫേസ് 2 ഉം നിർമാണം പൂർത്തിയാക്കിയ പദ്ധതികളിൽ ഉൾപ്പെടുന്നു.

മെയ് 19 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കും.