കൈ കഴുകാം പ്രതിരോധിക്കാം; ബോധവത്ക്കരണ സന്ദേശ പോസ്റ്ററുകളുമായി ശുചിത്വമിഷന്‍

post

മലപ്പുറം: കൊറോണ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ ജീവനക്കാരിലെത്തിക്കുവാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പോസ്റ്ററുകള്‍ പതിച്ചു. 'കൈ കഴുകാം പ്രതിരോധിക്കാം' എന്ന സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് ശുചിത്വമിഷന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പതിച്ചത്. പദ്ധതിയുടെ ജില്ലാതല പ്രകാശനം സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു.

സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി രോഗ പ്രതിരോധത്തിനായി കൈകഴുകുന്നതിന്റെ രീതി, കോവിഡ്19 വൈറസ് വ്യാപനത്തിന്റെ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പതിക്കുന്നത്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും പോസ്റ്ററുകള്‍ പതിക്കും.

സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, ഡെപ്യൂട്ടി കലക്ടര്‍ എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ. ടി. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.