ക്വാറി ക്രഷർ ഉത്പന്നങ്ങളുടെ പരമാവധി വില വർധന നിരക്ക് നിജപ്പെടുത്തി

post

മലപ്പുറം ജില്ലയിൽ ക്വാറി ക്രഷർ ഉത്പന്നങ്ങൾക്ക് 2023 മാർച്ച് 31ലെ അടിസ്ഥാന വിലയിൽ നിന്നും ഓരോ ഉത്പന്നങ്ങൾക്കും ചതുരശ്ര അടിക്ക് പരമാവധി വില വർധന മൂന്ന് രൂപയായി നിജപ്പെടുത്താൻ തീരുമാനിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലയിലെ ക്വാറി, ക്രഷർ അനുബന്ധ വ്യവസായ നിർമാണ സാമഗ്രികളുടെ ഉപഭോക്തൃ, ഉത്പാദന, വിതരണ സംഘടനകൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ജി.എസ്.ടി ഉൾപ്പെടെയായിരിക്കും വിലവർധനവുണ്ടാവുക. പുതുക്കിയ വിലനിലവാരപ്പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദർശിപ്പിക്കും. കൂടാതെ ക്വാറി ഉത്പന്നങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾക്കൊള്ളാവുന്ന അളവും പ്രദർശിപ്പിക്കും. യോഗത്തിൽ വേ ബ്രിഡ്ജ് സ്ഥാപിക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് നിർദേശം നൽകി. കൂടാതെ വില വർധനവ് ലംഘിക്കുന്നത് പരിശോധിക്കാൻ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാനും ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി.