മലപ്പുറം ജില്ലയിൽ ബ്രൂസെല്ലോസിസ് വാക്‌സിനേഷന് ഒരുക്കങ്ങൾ പൂർത്തിയായി

post

മലപ്പുറം ജില്ലയിൽ പശുക്കുട്ടികൾക്കുള്ള ബ്രൂസെല്ലോസിസ് വാകസിനേഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് അറിയിച്ചു. നാല് മുതൽ എട്ട് മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾ, എരുമക്കിടാങ്ങൾ എന്നിവയ്ക്കാണ് കുത്തിവെയ്പ്പ് എടുക്കേണ്ടത്. മെയ് 15 മുതൽ 19 വരെ ദിവസങ്ങളിലാണ് സംസ്ഥാനം മുഴുവൻ കുത്തിവെപ്പ് നടത്തുന്നത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വെറ്ററിനറി സർജൻമാർ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, പി.ടി.എസുമാർ എന്നിവർക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പരിശീലന പരിപാടി നടത്തി.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 15ന് രാവിലെ 11ന് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ എന്നിവർ പഞ്ചായത്തുകളിലെ വിവധ പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെയ്പ്പ് നടത്തുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗമായതിനാൽ ജില്ലയിലെ മുഴവൻ ക്ഷീര കർഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവെയ്പ്പിന് വിധേയമാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടു.