ഇടുക്കി ജില്ലാതല പട്ടയമേള; പട്ടയവിതരണത്തിന് തുടക്കം കുറിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള വന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ പട്ടയമിഷന്റെ ഭാഗമായി സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ ഒഴിവാക്കി ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വാത പരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പട്ടയമിഷന്റെ ഭാഗമായി സ്വീകരിക്കും. ഓരോ മണ്ഡലത്തിലെയും പട്ടയ പ്രശ്നങ്ങള്‍ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. ഭൂപതിവ് നിയമ, ചട്ട ഭേദഗതി അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കികാണുന്നതെന്നും മന്ത്രി പറഞ്ഞു. ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളുടെയും നവീകരിച്ച ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെയും ഉദ്ഘാടനവും റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീല്‍ദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന മേളയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. അടുത്ത നിയമസഭ സമ്മേളനത്തില്‍ 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവന്ന് ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മേളയില്‍ പട്ടയം ലഭിച്ച കുടുംബങ്ങളെയും ഇത്രയും പേര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ച ജില്ലാ ഭരണകൂടത്തെയും മന്ത്രി അഭിനന്ദിച്ചു. മേമാരിമുറിയിലെ ലീല തങ്കപ്പന് വനവകാശ രേഖ കൈമാറികൊണ്ട് പട്ടയവിതരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു.
1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങള്‍, 1993-ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങള്‍, 1995 ലെ മുനിസിപ്പല്‍ ചട്ട പ്രകാരമുള്ള 15 പട്ടയങ്ങള്‍, 62 ലാന്‍ഡ് ട്രൈബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, ഹൈറേഞ്ച് കോളണൈസേഷന്‍ സ്കീം പ്രകാരമുള്ള 4 പട്ടയങ്ങള്‍, 18 വനാവകാശ രേഖകള്‍ എന്നിങ്ങനെ 2788 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്.
ലോവര്‍ പെരിയാര്‍ പദ്ധതി പ്രദേശത്തു നിന്നും 1971 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 72 കുടുംബങ്ങള്‍ക്ക് പകരമായി അനുവദിച്ച ഭൂമിയുടെ പട്ടയങ്ങള്‍, ദേവികുളം താലൂക്കില്‍ നിയമവിധേയമല്ലാതെ ഡപ്യൂട്ടി തഹസില്‍ദാര്‍ അനുവദിച്ച പട്ടയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം റദ്ദ് ചെയ്തതിന് പകരമായി അനുവദിച്ച പുതിയ പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് വിതരണം ചെയ്തത്.