സ്ത്രീമുന്നേറ്റത്തിന്റെ കഥ പാടി ആശ്രാമം മൈതാനിയില്‍ മെഗാ തിരുവാതിര

സരസ്മേളയുടെ നിറപകിട്ടിനു മാറ്റ് കൂട്ടി കൊല്ലം ആശ്രാമം മൈതാനിയില്‍ തിരുവാതിര നിറവ്. ദേശിയ സരസ് മേളയ്ക്ക് തുടക്കം കുറിച്ച് ജില്ലയിലെ കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ തിരുവാതിര ദേശിംഗനാടിന്റെ ചരിത്രത്തിലേക്ക് സ്ത്രീ മുന്നേറ്റത്തിന്റെ കസവ് കൂടി തുന്നി ചേര്‍ത്തു. ജില്ലയിലെ 74 സി ഡി എസുകളില്‍ നിന്നും 7400 പേരാണ് മെഗാ തിരുവാതിരയില്‍ പങ്ക് ചേര്‍ന്നത്. ഒരേ താളത്തില്‍ ഒരുമയോടെ ചുവട് വെച്ചപ്പോള്‍ 28 സംസ്ഥാനങ്ങളുടെ വൈവിധ്യം ഒരുമിച്ച മൈതാനി, മലയാളത്തിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തിലും സൗന്ദര്യത്തിലും വിസ്മയം കൊണ്ടു.
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആഴ്ചകള്‍ നീണ്ട സംഘാടനവും പരിശീലനവും കൊണ്ടാണ് ഏറ്റവും വലിയ തിരുവാതിരയ്ക്ക് കൊല്ലം സാക്ഷിയായത്. ഒരുമയുടെ ചുവടില്‍ ചുവപ്പും വെളുപ്പും നിറഞ്ഞ കടലായി മൈതാനം മാറി. കുടുബശ്രീയുടെ രജത ജൂബിലി പ്രമാണിച്ചു 25 വര്‍ഷങ്ങളുടെ ചരിത്ര വഴികള്‍ നിറഞ്ഞതായിരുന്നു തിരുവാതിരയ്ക്ക് വേണ്ടി ഒരുക്കിയ പാട്ട്. കടയ്ക്കല്‍ സ്വദേശിയും കുടുബശ്രീ പ്രവര്‍ത്തകയുമായ അജിതയാണ് ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും. സ്ത്രീ സ്വാതന്ത്ര്യവും സ്വാശ്രയത്വവും അവകാശങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജനവും അടുക്കളയില്‍ ഒതുങ്ങി പോയവരെ അരങ്ങത്തേക്ക് കൊണ്ട് വന്ന കുടുബശ്രീയുടെ മുന്നേറ്റവും തിരുവാതിരപ്പാട്ടിന്റെ വരികളില്‍ നിറഞ്ഞു.