ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

post

അതുല്യ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ തുടങ്ങി മലയാള സിനിമയുടെ വിവിധ കർമ്മതലങ്ങളിൽ പ്രശോഭിച്ച അപൂർവ്വ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത പ്രതിഭയായിരുന്നു ശ്രീനിവാസൻ എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ആധുനികാനന്തരം മലയാള സിനിമയ്ക്ക് നവഭാവുകത്വം പകർന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. അനന്യമായ സർഗ്ഗവൈശിഷ്ട്യത്താൽ സിനിമയിൽ നിലനിന്നിരുന്ന സൗന്ദര്യശാസ്ത്രസങ്കൽപ്പനങ്ങളെ നിശിതമായ ആക്ഷേപഹാസ്യത്തിലൂടെ കീഴ്‌മേൽ മറിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകളും വിഹ്വലതകളും തന്റെ രചനയുടെ കേന്ദ്രപ്രമേയമായി സ്വീകരിച്ച് പോയകാല കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യങ്ങളെ വെള്ളിത്തിരയിൽ പ്രതിഫലിപ്പിച്ച സമാനതകളില്ലാത്ത കലാകാരൻ കൂടിയായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ മുരളി പറഞ്ഞു.