എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരിൽ നിർമിച്ച മിനി സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയിലെ വികസനങ്ങൾ വനിതകൾക്കും വയോജനങ്ങൾക്കും ഉപകാരപ്പെടണമെന്ന് മന്ത്രി പറഞ്ഞു. കളി മൈതാനങ്ങൾ ഉല്ലാസത്തിനും വിശ്രമവേളകൾ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.
പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകാൻ നിർമിച്ച മിനി സ്റ്റേഡിയത്തിൽ പ്രദേശവാസികൾക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമത വർധിപ്പിക്കുന്നതിനും ആവശ്യമായ രീതിയിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിംനേഷ്യം നിർമിക്കുന്നതിന് കായിക വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. ഉദ്ഘാടന ചടങ്ങിൽ 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാർ കായികമേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിന് ഒരു കളിക്കളം' എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 113 കളിക്കളങ്ങൾ നിർമിക്കും. ഇതോടൊപ്പം പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും ഒരു കളിക്കളം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. എടവണ്ണ പഞ്ചായത്തിൽ ഇതിനോടകം നാല് വാർഡുകളിൽ കളിസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.