എന്റെ കേരളം പ്രദര്‍ശന വിപണന മേള: ഒരുങ്ങുന്നത് 56,000 ചതുരശ്ര അടി ടെന്റ്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെയാണ് മേള നടക്കുന്നത്. 56,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് ടെന്റുകളാണ് പ്രദര്‍ശന വിപണന മേളക്കായി ഒരുക്കിയിട്ടുള്ളത്. ഒരു ടെന്റില്‍ സര്‍ക്കാര്‍, വാണിജ്യ സ്റ്റാളുകളും മറ്റൊരു ടെന്റില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ട്, ഓഡിറ്റോറിയം, സ്റ്റേജ് എന്നിവയുമാണ് സജ്ജീകരിക്കുന്നത്.
30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ജര്‍മ്മന്‍ ഹാങ്ങറില്‍ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനത്തോടെയാണ് സ്റ്റാളുകള്‍ അടങ്ങിയ ടെന്റ് നിര്‍മ്മിക്കുന്നത്. മേളയില്‍ 150ല്‍ അധികം സ്റ്റാളുകള്‍ ഉണ്ടാകും. ഒരേ സമയം 3500 പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കാനാവുന്ന വേദിയാണ് ഒരുക്കുന്നത്. 1500 പേര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കും. പലക നിരത്തി പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചാണ് വേദി ഒരുക്കിയിട്ടുള്ളത്. മഴ പെയ്താല്‍ പന്തലില്‍ വെള്ളം കയറാതെ ഒഴുകി പോകുന്നതിനായി ടെന്റിനോട് ചേര്‍ന്ന് നാലു വശത്തും ജലനിര്‍ഗ്ഗമന സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്.
വാഴത്തോപ്പ് ഗവ.സ്‌കൂളിലെ 30 ടോയ്‌ലറ്റുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനാണ് ടെന്റ് നിര്‍മ്മാണ ചുമതല. 200 ഓളം തൊഴിലാളികളുടെ നേതൃത്വത്തിലാണ് ടെന്റിന്റെ നിര്‍മ്മാണം നടക്കുന്നത്. ആവശ്യമെങ്കില്‍ ജനറേറ്റര്‍ സൗകര്യവും ഏർപ്പെടുത്തും.