ഒരുവർഷം പിന്നിട്ട് മലപ്പുറം ജില്ലയിലെ ഹോം ഷോപ്പ് പദ്ധതി

കുടുംബശ്രീ ഹോം ഷോപ്പ് ഓണർമാർക്കുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു
പ്രാദേശിക ഉത്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന കുടുംബശ്രീയുടെ ഹോംഷോപ്പ് പദ്ധതിയുടെ ഹോം ഷോപ്പ് ഓണർമാർക്കുള്ള ക്ഷേമ പദ്ധതികളുടെ പ്രഖ്യാപന പരിപാടി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രാദേശികമായി കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന വിഷരഹിതവും മായം കലർത്താത്തതും ഗുണമേന്മയേറിയതുമായ ഉത്പന്നങ്ങൾക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തുന്ന നൂതന പദ്ധതിയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി.
കുടുംബശ്രീ ഉത്പാദക യൂണിറ്റുകൾ നിർമിക്കുന്ന ഉത്പന്നങ്ങൾ മാനേജ്മെന്റ് ടീം ശേഖരിച്ച് വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോം ഷോപ്പ് ഓണർമാരുടെ വീടുകൾ എത്തിച്ചുനൽകുകയും ഹോം ഷോപ്പ് ഓണർമാർ അവരുടെ വാർഡുകളിലെ മുഴുവൻ വീടുകളിലും വിപണനം നടത്തുന്നതാണ് പദ്ധതിയുടെ പ്രവർത്തനരീതി. ജില്ലയിൽ പദ്ധതി ആരംഭിച്ച് ഒരുവർഷം പിന്നിടുമ്പോൾ കുടുംബശ്രീ ജില്ലാ മിഷൻ ഹോം ഷോപ്പ് ഓണർമാർക്ക് വേണ്ടി ബാഗ്, ഐ.ഡി കാർഡ്, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നുണ്ട്. ഇരുചക്ര വാഹനം വാങ്ങുന്നതിനു 80,000 രൂപ വരെ ലോൺ, ഉത്പാദക യൂണിറ്റുകൾക്ക് സി.ഇ.എഫ് ഫണ്ടിൽ നിന്നും 50,000 രൂപ വരെ ലോൺ എന്നിവ ഹോം ഷോപ്പ് പദ്ധതി മാനേജ്മെന്റ് ടീം നടപ്പാക്കുന്നുണ്ട്.
ഹോം ഷോപ്പ് ഓണർമാരുടെ ഒമ്പത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വർഷത്തിൽ 1200 രൂപ സ്കോളർഷിപ്പ്, ഹോം ഷോപ്പ് ഓണർമാർക്കുള്ള ചികിത്സ ധനസഹായം, തുടർച്ചയായി മൂന്നുമാസം മികച്ച രീതിയിൽ കച്ചവടം ചെയ്യുന്ന ഹോം ഷോപ്പ് ഓണർമാർക്ക് അവരുടെ വീടുകളിലേക്ക് ആവശ്യമായ ഉത്പന്നങ്ങളുടെ കിറ്റ് എന്നിവയാണ് പുതിയ ക്ഷേമ പദ്ധതികൾ.