'നവകേരളം വൃത്തിയുള്ള കേരളം' തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു

post

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പാലക്കാട് കലക്ടറേറ്റിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം സംഘടിപ്പിച്ചു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനങ്ങളുടെ മനോഭാവം മാറുന്നതിന് കൃത്യമായ ബോധവത്ക്കരണവും സംവിധാനവും ഒരുക്കാൻ യോഗത്തിൽ ധാരണയായി. നഗരസഭകള്‍ അവരുടെ പരിധിയിലുള്ള റസിഡന്‍സ് അസോസിയേഷനുകളുടെയോ സന്നദ്ധ സംഘടനകളുടെയോ സഹായം സ്വീകരിക്കണം. പൊതു ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുകയോ വൃത്തിയാക്കിയ ഇടങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ച് ജനങ്ങളുടെ സഹകരണത്തോടെ പരിപാലിക്കുകയോ ചെയ്യണം.

വഴിയരികിലെ മാലിന്യം നീക്കം ചെയ്യാനും മഴയ്ക്ക് മുന്‍പ് ജലാശയങ്ങള്‍ വൃത്തിയാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുറവുള്ള ഇടങ്ങളിലേക്ക് കൂടുതല്‍ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കടുത്ത ചൂടിന്റെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതലെത്തുന്ന ഇടങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കാനും നിർദ്ദേശം നൽകി.

വാണിയംകുളത്ത് മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാണിയംകുളം കന്നുകാലി ചന്ത വൃത്തിയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാണിയംകുളം ടൗണിലെ ചാലുകളിലെ ചെളി മുഴുവന്‍ നീക്കം ചെയ്യും. വാര്‍ഡ് അടിസ്ഥാനത്തില്‍ അഴുക്ക് വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുന്ന നടപടിയ്ക്കും തുടക്കമായി.