പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി നിയന്ത്രണ വിധേയം: നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍

post

മലപ്പുറം: പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ പാലത്തിങ്ങലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനി നിയന്ത്രണവിധേയമായെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്ന് മാസക്കാലത്തേക്ക് നിയന്ത്രണവും നിരീക്ഷണവും നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

പക്ഷിപ്പനി അറിയേണ്ടതെല്ലാം
പനി, ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങള്‍ മുതല്‍ തീവ്രമായ ന്യൂമോണിയ, ചെങ്കണ്ണ്, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്ക് വരെ മനുഷ്യരില്‍ പക്ഷിപ്പനി കാരണമായേക്കാം. നാല് ദിവസം മുതല്‍ 16 ദിവസം വരെയാണ് നിരീക്ഷണ കാലയളവ്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാലും രോഗ പ്രതിരോധത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകളോ മറ്റ് ചികിത്സാ മാര്‍ഗ്ഗങ്ങളോ കണ്ടെത്താത്തതിനാലും രോഗം സ്ഥിരീകരിച്ച മേഖലയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയുമാണ് ഏക പ്രതിരോധ മാര്‍ഗ്ഗം.
രോഗം ബാധിച്ചതും രോഗാണുവാഹികളുമായ പക്ഷികളെയും കൂട് ഉള്‍പ്പെടെയുള്ള അനുബന്ധ വസ്തുക്കളെയും നശിപ്പിക്കുകയും നശിപ്പിക്കാന്‍ പറ്റാത്തവയെ അണുവിമുക്തമാക്കുകയും വേണം. പ്രഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗവിമുക്തമെന്ന് സ്ഥിരീകരണം വരുന്നത് വരെ (മൂന്ന് മാസം) പക്ഷികളെ വളര്‍ത്താതിരിക്കാനും കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണം. ഭക്ഷണമായി ഉപയോഗിക്കുന്ന ഇറച്ചി, മുട്ട എന്നിവ നന്നായി പാകം ചെയ്യണം. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കൈയുറ എന്നിവ ധരിക്കണം. ശേഷം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. 
ലോക മൃഗാരോഗ്യസംഘടനയായ ഒഐഇയുടെ 2020 വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പക്ഷിപ്പനിയ്ക്ക് എച്ച്5 എന്‍1 ആന്‍ഡ് എച്ച്7എന്‍ 9 ആണ് രോഗകാരണം. പക്ഷി ഇനത്തില്‍പ്പെട്ട കോഴി, താറാവ്, ടര്‍ക്കി കോഴി, പ്രാവ്, ഗിനിക്കോഴി, കാട, വളര്‍ത്തുപക്ഷികള്‍, ദേശാടനകിളികള്‍ എന്നിവയെ ഇത് ബാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. റാണി കെ ഉമ്മന്‍ അറിയിച്ചു.

1. പക്ഷിപ്പനി എങ്ങനെ പകരാം
• ദേശാടനപക്ഷികള്‍, ദേശാടന പ്രാവുകള്‍ തുടങ്ങിയവയില്‍ നിന്ന് വളര്‍ത്തുപക്ഷികളിലേക്ക്
• രോഗം ബാധിച്ച വളര്‍ത്തുപക്ഷികളില്‍ നിന്ന് ചുറ്റുപാടുള്ള വളര്‍ത്തുപക്ഷികളിലേക്ക്
• അസുഖം ബാധിച്ച പക്ഷികളുടെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും രോഗാണുവിന്റെ കണികാവ്യാപനം വഴിയും കാറ്റിലൂടെയും രോഗം വ്യാപിക്കും.

2. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക്
• പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം
• രോഗം ബാധിച്ച പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും അണുക്കളെ വഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ കൈകാര്യം വഴിയും.

3. രോഗലക്ഷണങ്ങള്‍
• പെട്ടെന്നുള്ള മരണവും ഉയര്‍ന്ന മരണനിരക്കും
• പക്ഷികളുടെ പൂവിലും കണ്ണുകളിലും കാലിലും നീരും നിറം മാറ്റവും
• വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവങ്ങള്‍ വരിക എന്നിവയാണ് രോഗലക്ഷണങ്ങള്‍