ഹോം ക്വാറന്റൈന്‍ സമൂഹത്തിന് വേണ്ടിയാണ്

post

തൃശൂര്‍: കോവിഡ് 19 എന്ന വൈറസ് രോഗം വായുവിലൂടെ പകരുന്നതായതിനാല്‍, രോഗബാധിത പ്രദേശങ്ങളില്‍നിന്ന് വരുന്നവരിലും രോഗിയുമായി സമ്പര്‍ക്കമുണ്ടായവരിലും രോഗബാധ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. പ്രസ്തുത സാഹചര്യം അനുസരിച്ച് ഹോം ക്വാറന്റൈന്‍  28 ദിവസമോ 14 ദിവസമോ ആയിരിക്കും. ഇത് എത്രവേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കും. ഏതായാലും ഇത്രയും കാലം അവര്‍ വീടുകളില്‍ തന്നെ കഴിച്ചുകൂട്ടി തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കുക. തങ്ങള്‍ വീട്ടിലുള്ള വിവരം ആദ്യമേ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്.

വീടിനുള്ളില്‍ കഴിയുമ്പോള്‍ പ്രത്യേക മുറിയും പ്രത്യേക ടോയ്‌ലെറ്റും ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത്. പൊതുപരിപാടികളില്‍ പങ്കെടുക്കുകയുമരുത്. സന്ദര്‍ശകരെ പൂര്‍ണമായി ഒഴിവാക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ തുണിയോ മാസ്‌കോ ഉപയോഗിച്ച് മറയ്ക്കണം. കൈകള്‍ സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് ഇടയ്ക്കിടക്ക് കഴുകണം. നല്ല വണ്ണം വെള്ളം കുടിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് തുടങ്ങിയ എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെടുക. ഒരിക്കലും സ്വമേധയാ ആശുപത്രിയില്‍ വരരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ മാത്രം ആശുപത്രിയില്‍ എത്തുക.

ഒരുതരത്തിലും ഭീതി വേണ്ട. നമുക്ക് വേണ്ടി, കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി, നാടിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ കരുതല്‍.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തൃശൂര്‍ കളക്ടറേറ്റ്: 0487 236 2424, 9447074424, 1077.

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം): 0487 2320466, 9961488206, 9447635407

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്: 8547873420

ദിശ: 1056.