സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്ക്‌ നൽകിയത് നാലു കോടി രൂപയോളം

post

സാമൂഹ്യനീതി വകുപ്പിന്റെ 'സമാശ്വാസം' പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.

2022-23 സാമ്പത്തിക വർഷം 'സമാശ്വാസം' പദ്ധതി മുഖേന സംസ്ഥാനത്ത് 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. ആവശ്യമായ രേഖകൾ സമർപ്പിച്ച അർഹർക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാക്കിയത്.

'സമാശ്വാസം' പദ്ധതിയിലൂടെ ലഭ്യമാക്കിയ ധനസഹായത്തിന്റെ വിശദാംശങ്ങൾ :

സമാശ്വാസം 1 (ഡയാലിസിസ്) പദ്ധതി (പ്രതിമാസം 1100 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ (ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും) നൽകിയിട്ടുള്ള 1668 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 23165250 രൂപ)

സമാശ്വാസം 2 (വൃക്ക/കരൾ മാറ്റി വെക്കൽ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 50 ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 1371000 രൂപ)

സമാശ്വാസം 3 (ഹീമോഫീലിയ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 1058 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 11073000 രൂപ)

സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ) പദ്ധതി (പ്രതിമാസം 2000 രൂപ വീതം): ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 201 ഗുണഭോക്താക്കൾക്കും 2022 ഡിസംബർ വരെയുള്ള ധനസഹായം നൽകി. (ചെലവഴിച്ച തുക 3390000 രൂപ)