നികുതി പിരിവ്: സംസ്ഥാനതലത്തിൽ കൊടുങ്ങല്ലൂർ നഗരസഭ ഒന്നാം സ്ഥാനം നേടി

സംസ്ഥാനത്തെ നഗരസഭകളിൽ ഏറ്റവും കൂടുതൽ നികുതി പിരിച്ച് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി. 90.94 ശതമാനം നികുതി പിരിച്ചാണ് സംസ്ഥാനത്തെ 87 നഗരസഭകളിൽ കൊടുങ്ങല്ലൂർ ഒന്നാമതെത്തിയത്.
കഴിഞ്ഞ ആറുമാസമായി നടത്തിയ നിരന്തരമായ അവലോകന യോഗവും ജീവനക്കാരുടെ ഇച്ഛാശക്തിയോടുകൂടിയുള്ള പ്രവർത്തനവും ആണ് കൊടുങ്ങല്ലൂരിന് ഈ നേട്ടം സമ്മാനിച്ചതെന്ന് നഗരസഭ ആക്ടിംഗ് ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു. വാർഡ് തലത്തിൽ കൗൺസിലർമാരുടെ സഹകരണത്തോടെ ക്യാമ്പ് നടത്തിയും നികുതി സമാഹരണം നടത്തിയിരുന്നു.
ഈ വർഷം നഗരസഭ പിരിച്ചെടുത്തത് 5.40 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 4.40 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷത്തേക്കാൾ 1.25 കോടി രൂപ അധികം പിരിച്ചെടുക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. നഗരസഭയിൽ ഓൺലൈനായി നികുതി അടക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആക്ടിംഗ് ചെയർമാൻ അറിയിച്ചു.