തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ: സ്നേഹവീടിന്റെ താക്കോൽദാനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെപോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവനപദ്ധതിയിൽ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
പാവപ്പെട്ട മനുഷ്യർക്ക് ആലംബമാകുന്ന ഭവന പദ്ധതിയാണ് സ്നേഹക്കൂട് എന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികളുടെ സാമൂഹ്യസേവന താല്പര്യവും സാമൂഹ്യപ്രതിബന്ധതയും ഊട്ടിവളർത്തി ധാരാളം പ്രവർത്തനങ്ങൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ വീട് കൊരുമ്പിശ്ശേരി സ്വദേശിനി ഗുരുവിലാസം സ്മിതക്കും കുടുംബത്തിനുമാണ് കൈമാറിയത്. സ്നേഹക്കൂടിന്റെ ആദ്യഘട്ടത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ ദുരിതമനുഭവിക്കുന്ന പത്തു കുടുംബങ്ങൾക്ക് വീടൊരുക്കാൻ ആണ് തീരുമാനം. ജില്ലയിലെ മുഴുവൻ എൻ എസ് എസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ ആണ് വീട് നിർമിക്കുന്നതിനായുള്ള തുക സമാഹരിച്ചത്. സ്ക്രാപ്പ് ചലഞ്ച്, ഫുഡ് ചാലഞ്ച്, നാണയ ചാലഞ്ച് തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ ഇതിനായുള്ള തുക കണ്ടെത്തി. ഏകദേശം ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്.