വഴിയോര വിശ്രമകേന്ദ്രം മന്ത്രി ആർ ബിന്ദു നാടിന് സമർപ്പിച്ചു

post

സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി തൃശൂർ പൂമംഗലം പഞ്ചായത്തിന് അനുവദിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ദീർഘദൂര യാത്രക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഒരുക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക്‌- വഴിയിടം പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുമായി ചേർന്ന് ലഘുഭക്ഷണശാല അടക്കമുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യം പരിഗണനയിലാണ്.

ആധുനിക രീതിയിൽ നിർമിച്ച കെട്ടിടം കൃത്യമായി പരിപാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, ഫീഡിങ് റൂം എന്നിവയോട് കൂടിയാണ് വഴിയിടം ഒരുക്കിയിരിക്കുന്നത്. പത്തുലക്ഷത്തി ഇരുപതിനായിരം രൂപയാണ് അടങ്കൽ തുക. കാർഷിക പ്രാധാന്യമുള്ള പദ്ധതികൾക്ക് മുൻഗണന നൽകികൊണ്ടുള്ള വികസന സമീപനം ആണ് പൂമംഗലം പഞ്ചായത്തിന്റേത് എന്നും ഇതിനായി പച്ചക്കുട പദ്ധതിയുടെ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു.