കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലും ജല ബജറ്റ് ഒരുങ്ങുന്നു

രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജല ബജറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ മലപ്പുറം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തിയാവുന്നു. ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലാണ് ജല ബജറ്റിനാവശ്യമായ രേഖകൾ തയ്യാറാക്കുന്നത്. പഞ്ചായത്തിലെ ഓരോ വാർഡുകളിലും ജലസഭകളും ജലവിനിയോഗ കണക്കെടുപ്പും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി.ഡബ്ല്യു.ആർ.ഡി.എം) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ജല ബജറ്റ് തയ്യാറാക്കുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ ജല ബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിച്ചിരുന്നു. ജില്ലയിൽ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെയാണ് പ്രാരംഭ പദ്ധതി പ്രവർത്തനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കിളിമാനൂർ, മുഖത്തല, മല്ലപ്പള്ളി, മാവേലിക്കര, ഈരാറ്റുപേട്ട, ഇടുക്കി, മുളന്തുരുത്തി, ചൊവ്വന്നൂർ, ചിറ്റൂർ, കുന്ദമംഗലം, മാനന്തവാടി, പേരാവൂർ, കാഞ്ഞങ്ങാട് എന്നിവയാണ് സംസ്ഥാനത്തെ മറ്റു ബ്ലോക്കുകൾ.
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശിക തലങ്ങളിൽ കൃഷിക്കും കുടിവെള്ളത്തിനുമായി ആവിഷ്കരിക്കുന്ന പദ്ധതികളുടെ വിജയത്തിന് ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതോടൊപ്പം ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാൻ പ്രാദേശിക ഇടപെടലുകളും നടത്തുകയാണ് ബജറ്റ് നിർമ്മിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്.
ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങൾക്ക് ആവശ്യമായ ജലത്തിന്റെ അളവും കണക്കാക്കുകയാണ് ജലബജറ്റിൽ ആദ്യം ചെയ്യുന്നത്. കൃഷി, മൃഗസംരക്ഷണം, ഗാർഹികം, വ്യാവസായികം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് അതത് മേഖലകളിൽ എത്രമാത്രം ചെലവഴിക്കുന്നുവെന്നും നിലവിൽ എത്ര ആവശ്യമുണ്ടെന്നും ഭാവിയിൽ അവയിൽ വരാവുന്ന വ്യതിയാനം എത്രയെന്നും കണക്കാക്കുന്നു. സൂക്ഷ്മ നീർത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേക്കു ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് അവയിൽ നിന്നും പുറത്തേക്ക് ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവും കണക്കാക്കുന്നു.
ഒരു പ്രദേശത്ത് പെയ്യുന്ന മഴയുടെ അളവും ഓരോ നീർത്തടത്തിലേക്ക് വിവിധ ജലസ്രോതസ്സുകളിൽ ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനൽക്കാല ജലലഭ്യത കണക്കാക്കും. ഇതോടൊപ്പം തന്നെ ആ പ്രദേശത്തിന്റെ മണ്ണിന്റെ ഘടനയും ജല ലഭ്യതയും കണക്കാക്കും. ഇവ ഇവ ക്രോഡീകരിച്ച് ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.
ഭൂപ്രകൃതിയുടെ സവിശേഷതയും കാലാവസ്ഥാ വ്യതിയാനവും വലിയതോതിൽ പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുന്ന കാലഘട്ടത്തിൽ ജല ലഭ്യതവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കൃത്യമായ കാർഷിക കലണ്ടർ പ്രകാരം കൃഷി ചെയ്തുവന്നിരുന്ന കേരളത്തിൽ ജലമേഖലയിലെ സുസ്ഥിരത തിരികെ കൊണ്ടുവരേണ്ടതും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ച് ഭാവിയേക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതും അനിവാര്യമാണ്.