സംസ്ഥാന വരുമാനത്തിലെ സ്ഥിതി വിവരക്കണക്കുകൾ: ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന വരുമാനത്തിലെ സ്ഥിതി വിവരക്കണക്കുകൾ എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ മെച്ചപ്പെടുത്തലിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനതല ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ ശേഖരണത്തിൽ സംസ്ഥാന ആസൂത്രണ ബോർഡിന് വലിയ പങ്കാണുള്ളത്. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഡാറ്റ എന്നത് ഒരു ഫോക്കസ് ഏരിയയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 2021-ലെ ലോകബാങ്കിന്റെ പ്രധാന സന്ദേശം - മെച്ചപ്പെട്ട ജീവിതത്തിനായുള്ള ഡാറ്റ എന്നതായിരുന്നു. ഡാറ്റയുടെ അപാരമായ സാധ്യതകൾ പര്യവേഷണം ചെയ്തു പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.
സാമൂഹിക മൂല്യങ്ങൾ സൃഷ്ടിക്കുന്നതിന് ഡാറ്റയുടെ ഉപയോഗവും പുനരുപയോഗവും പ്രയോജനപ്പെടുത്തി, തുല്യമായ അവസരങ്ങൾ ഉറപ്പാക്കണം. സർക്കാർ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ എല്ലാവരുടെയും ഉപയോഗത്തിനായാണ് പരിഗണിക്കപ്പെടുന്നത്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വിശ്വാസ്യതയോടെ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.