കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷാ പദ്ധതി 'സുരക്ഷിത്'നു തുടക്കമായി

post

കൊല്ലം കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ 'സുരക്ഷിത്'ന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ആരോഗ്യ ശുചിത്വബോധവത്ക്കരണവും മെന്‍സ്ട്രല്‍ കപ്പ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മെന്‍സ്ട്രല്‍ കപ്പ് സാനിറ്ററികളുടെ ബദലായാണ് കണക്കാക്കുന്നത്. സിലിക്കന്‍ കൊണ്ട് നിര്‍മിക്കുന്നവ ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ സംരക്ഷണം നല്‍കും. നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ആശങ്കയും ഇതിലൂടെ ഒഴിവാക്കാം. 13 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളില്‍ മെന്‍സ്ട്രല്‍ കപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കേരള ഫീഡ്സിന്റെ 2021-2022 സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വിഭാവനം ചെയ്തത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ഡോ കൃഷ്ണ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു. കരുകോണ്‍, വയല, ചടയമംഗലം, കുമ്മിള്‍, ചിതറ, കടയ്ക്കല്‍, തേവന്നൂര്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററും മെന്‍സ്ട്രല്‍ കപ്പ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.