മലപ്പുറത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും

post

ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ജില്ലാതല ജല ശുചിത്വ മിഷന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 787512 ഗ്രാമീണ വീടുകളാണ് നിലവിലുള്ളത്. ഇതില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നിലവില്‍ വന്ന ശേഷം 1,77,225 കണക്ഷനുകൾ നല്‍കിയതായും 476711 ജല കണക്ഷനുകള്‍ കൂടി നല്‍കാനുണ്ട്. പദ്ധതിക്ക് മുമ്പായി 143576 കണക്ഷനുകളും വിവിധ പദ്ധതികളിലായി നല്‍കിയിരുന്നു. ജൽ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് വേണ്ടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിങ് അനുമതിക്കായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച അപേക്ഷകളില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ അതത് വകുപ്പുകളോട് ആവശ്യപ്പെട്ടു. പദ്ധതിക്കായി പോരൂര്‍ പഞ്ചായത്തില്‍ 40 സെന്റ് സര്‍ക്കാര്‍ ഭൂമിയും 18 പഞ്ചായത്തുകളിലായി 804 സെന്റ് സ്വകാര്യ ഭൂമിയുമാണ് ഇനിയും ആവശ്യമുള്ളത്. ഇത് ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും. 2024 ഓടെ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.