കൊറോണ: ശുചിത്വ ബോധവല്‍ക്കരണ സന്ദേശവുമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍

post

ആലപ്പുഴ: കൊറോണ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനും സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ കാംപെയിനിന്റെ  ഭാഗമായുള്ള ശുചിത്വ ബോധവല്‍ക്കരണത്തിനും മുന്‍കൈയെടുത്ത് ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍. രാവിലെ 10 മണിക്ക് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയ ജില്ല പഞ്ചായത്ത് അംഗങ്ങള്‍ സാനിറ്റൈസറിന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തി. ബസ്സുകളിലെ യാത്രക്കാര്‍ ,സ്പര്‍ശിക്കുന്ന വാതില്‍, കൈപ്പിടി എന്നിവിടങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് വൃത്തിയാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ശുചീകരണ ബോധവത്കരണ പരിപാടി നടത്തിയത്.
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജി. വേണുഗോപാല്‍ പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ഓരോ വാര്‍ഡിലും മൂന്നു പേരടങ്ങുന്ന സംഘം രൂപവത്ക്കരിച്ച് ജനങ്ങളുടെ ശുചിത്വബോധം വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. പനിയുടെ പകര്‍ച്ച കണ്ണികളെ ഇല്ലാതാക്കുക എന്നതാണ് ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
നിശ്ചിത ഇടവേളകളില്‍ കൈ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക, പനിയുണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും യാത്രക്കാര്‍ക്ക് വിതരണം ചെയ്തുു. വൈസ് പ്രസിഡന്റ്  മണി വിശ്വനാഥ് , ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കെ.ടി.മാത്യു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.സുമ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധുവിനു,  പ്രതിപക്ഷനേതാവ് ജോണ്‍ തോമസ്, ഡി.എം.ഓ ഡോ.അനുവര്‍ഗ്ഗീസ്,  സെക്രട്ടറി കെ. ആര്‍. ദേവദാസ്,  മറ്റ് ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.